അസാധാരണ മനോഹാരിതയുള്ള 50 സ്ഥലങ്ങള്‍; പട്ടികയില്‍ ഇടംപിടിച്ച് കേരളം

0
30

തിരുവനന്തപുരം : ടൈം മാഗസിന്‍റെ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളം. 2022ല്‍ തയാറാക്കിയ 50 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഹമ്മദാബാദും കേരളവുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ടൈം മാഗസിൻ പറയുന്നതനുസരിച്ച് ഇന്ത്യയുടെ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കേരളം രാജ്യത്തെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണ്. ബീച്ചുകളും കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കൊണ്ട് സമ്പന്നമാണ് കേരളമെന്ന് ടൈം മാഗസിൻ പറയുന്നു. കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് വിളിക്കുന്നത് ഉചിതമാണെന്നും ടൈം മാഗസിൻ അടിവരയിടുന്നു.

മോട്ടോർ ഹോം ടൂറിസം കേരളത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും മാഗസിൻ അഭിപ്രായപ്പെട്ടു. വാഗമണ്ണിൽ ആദ്യത്തെ കാരവൻ പാർക്ക് തുറന്നതായും ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തു. ടൈം മാഗസിൻ പറയുന്നതനുസരിച്ച്, ഇന്ത്യയിലെ ആദ്യത്തെ യുനെസ്കോ ലോക പൈതൃക നഗരമായ അഹമ്മദാബാദ് പൗരാണികതയുടെയും ആധുനികതയുടെയും മിശ്രിതമാണ്. സാംസ്കാരിക ടൂറിസത്തിന്‍റെ മെക്കയാണ് അഹമ്മദാബാദ് എന്നും മാഗസിൻ പരാമർശിക്കുന്നു. സബർമതി നദിയുടെ തീരത്ത് 36 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ശാന്തമായ ഗാന്ധി ആശ്രമത്തെ ടൈം ആർട്ടിക്കിൾ പ്രത്യേകം വിലമതിക്കുന്നു.