ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് എട്ടു കോടിയോളം രൂപ സമ്മാനം

0
221

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 10 ലക്ഷം ഡോളര്‍ ( 7.8 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. ഒമാനിലെ മസ്‌കറ്റില്‍ താമസിക്കുന്ന 62കാരനായ ജോണ്‍ വര്‍ഗീസിനാണ് വന്‍ തുക സമ്മാനം ലഭിച്ചത്.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് ഡിയില്‍ ഇന്ന് നടന്ന മില്ലെനിയം മില്ലനയര്‍  392-ാമത് സീരീസ്  നറുക്കെടുപ്പിലാണ് ഇദ്ദേഹം സമ്മാനാര്‍ഹനായത്. ഇദ്ദേഹം മേയ് 29ന് വാങ്ങിയ 0982 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ആറു വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുത്തു വരികയായിരുന്ന ജോണ്‍, മസ്‌കറ്റില്‍ ഒരു കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയിലെ ജനറല്‍ മാനേജരാണ്.

35 വര്‍ഷമായി ദുബൈയ്ക്കും മസ്‌കറ്റിനും ഇടയില്‍ ഇടക്കിടെ യാത്ര ചെയ്യാറുള്ള ജോണ്‍, കൊവിഡിന് മുമ്പ്  ദുബൈ എയര്‍പോര്‍ട്ടിലെ ദുബൈ ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് കൗണ്ടറില്‍ നിന്നായിരുന്നു ടിക്കറ്റ് വാങ്ങിയിരുന്നത്. റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തിനായി സമ്മാനത്തുകയില്‍ നല്ലൊരു ശതമാനം  മാറ്റി വെക്കും. ബാക്കിയുള്ളതില്‍ ഒരു ഭാഗം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനുമാണ് ജോണ്‍ വര്‍ഗീസിന്റെ തീരുമാനം.

ആദ്യമായാണ് ഒരു നറുക്കെടുപ്പില്‍ വിജയിക്കുന്നതെന്നും ഇപ്പോള്‍ ദുബൈ ഡ്യൂട്ടി ഫ്രീ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1999ല്‍ മില്ലെനിയം മില്ലനയര്‍ പ്രൊമോഷന്‍ തുടങ്ങിയത് മുതല്‍ ഒന്നാം സമ്മാനം നേടുന്ന 192-ാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here