ഇന്ത്യ എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കാന്‍ പഠിക്കണം: ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി സൗദിയും

0
304

റിയാദ്: പ്രവാചകനെതിരായ ബി.ജെ.പി വക്താവിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ ഇന്ത്യയെ അപലപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. നേരത്തെ ഖത്തര്‍, കുവൈത്ത്, ഇറാന്‍ എന്നീ രാജ്യങ്ങളും അതൃപ്തിയറിയിച്ച് രംഗത്തെത്തിയിരുന്നു.

‘ഇന്ത്യയുടെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വക്താവ് പ്രവാചകനെ നിന്ദിച്ചുകൊണ്ട് നടത്തിയ പ്രസ്താവനകളെ വിദേശകാര്യം അപലപിക്കുന്നു,’ സൗദി വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

വിദ്വേഷ പരാമര്‍ശം നടത്തിയതിന് പിന്നാലെ ബി.ജെ.പി പാര്‍ട്ടി വക്താക്കളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബി.ജെ.പിയുടെ നടപടി സ്വാഗതാര്‍ഹമാണെന്നും ഇന്ത്യ എല്ലാ മതങ്ങളേയും വിശ്വാസങ്ങളേയും ബഹുമാനിക്കാന്‍ പഠിക്കണമെന്നും സൗദി അറിയിച്ചു.

ബി.ജെ.പി വക്താവിന്റെ പരാമര്‍ശത്തില്‍ രാജ്യം പരസ്യമായി മാപ്പ് പറയണമെന്ന് ഇന്ത്യയോട് ഖത്തര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കുവൈത്തും ഇറാനും ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെയായിരുന്നു ഖത്തര്‍ അതൃപ്തിയറിയിച്ചത്. പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്ത് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറിയതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വിദ്വേഷകരമായ പരാമര്‍ശം നടത്തിയതിന് പ്രതികള്‍ പരസ്യമായി മാപ്പ് പറയണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടിരുന്നു.

അടുത്തിടെ ടൈംസ് നൗ ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. ഇസ്‌ലാം മതത്തില്‍ പരിഹസിക്കാന്‍ പാകത്തിന് നിരവധി സംഭവങ്ങളുണ്ടെന്നും നുപുര്‍ ആരോപിച്ചു.

ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നുപുര്‍ ശര്‍മയ്ക്കും ബി.ജെ.പിക്കുമെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നുപുര്‍ ശര്‍മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബി.ജെ,പി പറഞ്ഞു.

സംഭവം ആളിക്കത്തിയതോടെ തന്റെ അഡ്രസ് പങ്കുവെയ്ക്കരുതെന്നും തനിക്കും കുടുംബത്തിനും സുരക്ഷ ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി നുപുര്‍ ശര്‍മ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ ലെറ്റര്‍ ഹെഡില്‍ പാര്‍ട്ടി തന്നെയാണ് അഡ്രസ് പ്രചരിപ്പിച്ചത് എന്നതിനാല്‍ ഈ ട്വീറ്റും വലിയ രീതിയില്‍ ജനശ്രദ്ധ നേടിയിരുന്നു.

പാര്‍ട്ടിയില്‍ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തിയാണ് താനെന്നും ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെടുത്ത ശിവലിംഗത്തെ നിന്ദിച്ചതിലുള്ള അമര്‍ഷമാണ് പ്രസ്താവനയില്‍ പ്രകടമായതെന്നും ചൂണ്ടിക്കാട്ടി നുപുര്‍ ശര്‍മ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ മാപ്പ് പറയുന്നത് ബി.ജെ.പിക്ക് പുത്തരിയല്ലെന്നായിരുന്നു കമന്റുകള്‍.

ജനങ്ങളെ ആര്‍ക്കു മുന്നിലും ലജ്ജിച്ച് തലകുനിക്കാന്‍ അനുവദിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും സമാഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here