വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിച്ചില്ലെങ്കില്‍ ഉടമയ്‌ക്കെതിരെ നടപടി; പരിശോധന ശക്തമാക്കി പൊലീസും എം.വി.ഡിയും

0
126

കൊച്ചി: വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരുന്നാല്‍ ബസ് ഉടമയ്ക്ക്തിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും ബസുകളിലെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക, വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുക തുടങ്ങിയ പരാതികള്‍ വര്‍ധിച്ചതിന് പിന്നാലെയാണ് നിരീക്ഷണം ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.

ബസില്‍ നിന്നും ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരാതി നല്‍കാന്‍ സാധിക്കുമെന്നും എം.വി.ഡി വ്യക്തമാക്കി.

സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ നിര്‍ത്താതിരിക്കുക, ബസില്‍ കയറ്റാതിരിക്കുക, ബസില്‍ കയറിയാല്‍ മോശമായി പെരുമാറുക, കണ്‍സെഷന്‍ ആവശ്യപ്പെടുമ്പോള്‍ അപമാനിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നീ സംഭവങ്ങളുണ്ടായാല്‍ വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിലോ പൊലീസിലോ പരാതി നല്‍കാം.

പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മാത്രം 25ഓളം ബസുകള്‍ക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള നടപടികളെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ ജോലി ചെയ്ത കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.

ഇത്തരം അനുഭവമുണ്ടായാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസില്‍ നേരിട്ട് തന്നെ പരാതി നല്‍കാം. പരാതി ലഭിച്ചാലുടന്‍ തന്നെ കേസ് ഫയല്‍ ചെയ്യുകയും ചെയ്യും.

ബസുടമകള്‍ക്ക് നേരെ പിഴ ചുമത്തല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദു ചെയ്യുന്ന നടപടി വരെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വീകരിക്കും. പരാതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് 8547639002 എന്ന നമ്പറിലേക്ക് വിളിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here