‘വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കാന്‍ ശ്രമിക്കുന്നു’: കര്‍ണാടകയില്‍ പാഠപുസ്തക അവലോകന സമിതിയെ പിരിച്ചുവിട്ട് ബൊമ്മൈ

0
221

ബെംഗളൂരു: കര്‍ണാടക പാഠപുസ്തക അവലോകന കമ്മിറ്റിയെ പിരിച്ചുവിട്ട് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. ബി.ജെ.പി സര്‍ക്കാര്‍ സംസ്ഥാനത്തെ വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് കമ്മിറ്റി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം കമ്മിറ്റിയെ ഏല്‍പ്പിച്ച ജോലികള്‍ പൂര്‍ത്തിയാക്കിയതിനാലാണ് പിരിച്ചുവിട്ടതെന്നും ഇനിയെന്തെങ്കിലും പാളിച്ചകള്‍ കണ്ടെത്തിയാല്‍ വീണ്ടും പുനപരിശോധന നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പ്രസംഗം പാഠപുസ്തക അവലോകന സമിതി ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

സ്വാതന്ത്ര്യ സമര സേനാനികള്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയായിരുന്നു ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയത്.

പാഠപുസ്തകത്തില്‍ ബസവണ്ണയെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും, വസ്തുതാപരമായ പിഴവുകള്‍ ഉണ്ടെന്നും നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതെല്ലാം നിഷേധിക്കുകയായിരുന്നു.

അവലോകന സമിതിയുടെ നടപടികളില്‍ പ്രതിഷേധിച്ച് നിരവധി എഴുത്തുകാരും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ അനുവാദത്തോടെ സമിതി സംസ്ഥാനത്തെ വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കുകയാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here