മെറ്റയുടെ ഇന്‍ഫിനിറ്റി ലോഗോ കോപ്പിയടിയോ ? സക്കര്‍ബര്‍ഗിനെതിരെ കേസുമായി ഡിഫിനിറ്റി

0
234

ഫേസ്ബുക്ക് (Face book) സ്ഥാപകൻ മാർക്ക് സക്കര്‍ബര്‍ഗിനെതിരെ  (Mark Zuckerberg)  വീണ്ടും കോപ്പിയടി ആരോപണം. ഫേസ് ബുക്ക് പേരുമാറ്റി മെറ്റ (Meta) ആയപ്പോൾ കൂടെ ലോഗോയും സക്കര്‍ബര്‍ഗ് മാറ്റിയിരുന്നു. ഈ ലോഗോയ്‌ക്കെതിരെയാണ് ഇപ്പോൾ കോപ്പിയടി ആരോപണം ഉയർന്നിരിക്കുന്നത്. മെറ്റ ഉപയോഗിക്കുന്ന ഇന്‍ഫിനിറ്റി ലോഗോ കോപ്പിയടി ആണെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്‌ചെയിന്‍ കമ്പനി ഡിഫിനിറ്റി (Dfinity) ആരോപിച്ചു. കോപ്പിയടിച്ചെന്ന് ആരോപിച്ച് ഡിഫിനിറ്റി മെറ്റയ്‌ക്കെതിരെ  യുഎസിലെ നോര്‍ത്ത് കാലിഫോര്‍ണിയ കോടതിയില്‍ കേസ് ഫയൽ ചെയ്തു.

2017 മുതല്‍ ഇന്‍ഫിനിറ്റി (infinity) ലോഗോ ഉപയോഗിക്കുന്ന സ്ഥാപമാണ് ഡിഫിനിറ്റി. എന്നാൽ  2021 നവംബര്‍ ഒന്നിനാണ് ഫേസ്ബുക്ക് (Facebook) മെറ്റ എന്ന പേര് സ്വീകരിച്ചതും പുതിയ ലോഗോ അവതരിപ്പിച്ചതും. മെറ്റയുടെയും ഡിഫിനിറ്റിയുടെയും ലോഗോയിൽ വ്യത്യാസമുണ്ടെങ്കിലും പലരും തങ്ങളെ മെറ്റയുടെ അനുബന്ധ സ്ഥാപനമായി തെറ്റിദ്ധരിക്കുന്നു എന്നാണ് ഡിഫിനിറ്റിയുടെ പ്രശനം. കൃത്യമായ ഇന്‍ഫിനിറ്റി ആകൃതിയുള്ള ലോഗോയാണ് ഡിഫിനിറ്റി ഉപയോഗിക്കുന്നത്. എന്നാൽ ഒഴുക്കന്‍ രീതിയിലുള്ള ഇന്‍ഫിനിറ്റി ആകൃതിയാണ് മെറ്റയുടെ ലോഗോ. മാത്രമല്ല പല നിറങ്ങൾ ചേർന്നതാണ് ഡിഫിനിറ്റിയുടെ ലോഗോ. എന്നാൽ നീല നിറമാണ് മെറ്റയുടെ ലോഗോയ്ക്ക്. യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസ് (USPTO) ഇരു കമ്പനികളുടെയും ലോഗോയ്ക്ക് അംഗീകാരം നൽകിയിട്ടുമുണ്ട്.

മുൻപും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് എതിരെ കോപ്പിയടി ആരോപണം ഉയർന്നിരുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സഹപാഠികളായിരുന്ന കാമറൂണ്‍-ടെയ്‌ലര്‍ സഹോദരന്മാര്‍ ആയിരുന്നു സക്കര്‍ബര്‍ഗിനെതിരെ ആരോപണവുമായെത്തിയത്. ഫേസ്ബുക്കിന്റെ ആശയം തങ്ങളുടേതാണെന്ന് ഇവർ വാദിച്ചു.  65 മില്യണ്‍ ഡോളര്‍ നല്‍കിയാണ് അന്ന് ഫേസ്ബുക്ക് കേസ് ഒത്തുതീര്‍പ്പാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here