പൊലീസല്ല പെറ്റിയടിപ്പിച്ച് ജനങ്ങളെ പിഴിയാൻ അവർ വരുന്നു, കൂടുതൽ പിടിച്ചാൽ കൂടുതൽ ലാഭം എന്നതാണ് വാഗ്‌ദ്ധാനം

0
168

തിരുവനന്തപുരം: ഗതാഗത നിയമലംഘനം കണ്ടെത്താൻ നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന കാമറകൾ സ്ഥാപിക്കുന്ന സ്വകാര്യ, പൊതുമേഖലാ ഏജൻസികൾ സ്വകാര്യ വാഹനങ്ങളിലും കാമറ ഘടിപ്പിച്ച് നിരീക്ഷണം നടത്തും. കാമറയുള്ള സ്ഥലം അറിയാവുന്നതിനാൽ അവിടെമാത്രം നിയമലംഘനം ഒഴിവാക്കുന്നവരെ കുടുക്കാനാണ് വാഹനങ്ങളിൽ കാമറ വച്ചുള്ള പണി.

വളവുകളിലും തിരിവുകളിലും മറ്റും പൊലീസ് ചാടിവീണ് വാഹനം തടയുന്നതൊഴിവാക്കാനാണ് ‘ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് സിസ്റ്റം’ എന്ന പേരിലുള്ള നിരീക്ഷണസംവിധാനം ഒരുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. പിഴയായി ഈടാക്കുന്ന തുകയിൽ 80ശതമാനവും കാമറയ്ക്കും വാഹനത്തിനും പണം മുടക്കിയ ഏജൻസികൾക്കാണ് ലഭിക്കുക. പരമാവധി പിഴ ചുമത്തി ലാഭം കൂട്ടാനായിരിക്കും അവർ ശ്രമിക്കുക. ഇതോടെ പിഴയടച്ച് വാഹനഉടമകളുടെ നടുവൊടിയും.

അമിതവേഗത, സീറ്റ്ബെൽറ്റ്- ഹെൽമെറ്റില്ലാത്ത യാത്ര, മൊബൈൽ സംസാരം, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേരുടെ യാത്ര, അപകടകരമായ ഡ്രൈവിംഗ്, അനധികൃത പാർക്കിംഗ് എന്നിവയെല്ലാം കാമറ കണ്ടെത്തും. നിലവിൽ ഖജനാവിലേക്കെത്തുന്ന പിഴത്തുകയിൽ ഒരു രൂപ പോലും കുറയരുതെന്ന കർശന വ്യവസ്ഥയോടെയാണ് ഡി.ജി.പി അനിൽകാന്തിന്റെ ശുപാർശ അംഗീകരിച്ച് ഡിജിറ്റൽ പരിശോധനയ്ക്ക് സർക്കാർ അനുമതി നൽകിയത്.

ഇപ്പോഴത്തെ വരുമാനം കൂട്ടണമെന്നും നിർദ്ദേശമുണ്ട്. കാമറ, നിരീക്ഷണവാഹനം എന്നിവയുടെ അറ്റകുറ്റപ്പണി നടത്തേണ്ടതും പൊലീസ് കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങളെത്തിക്കാനുള്ള കണക്ടിവിറ്റിയൊരുക്കേണ്ടതും ഏജൻസികളാണ്. 1068കാമറകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക.

”പൊലീസിന്റേതല്ലാത്ത വാഹനങ്ങളിലും കാമറ ഘടിപ്പിക്കും. പലേടങ്ങളിലായി മാറിമാറി നിരീക്ഷണം നടത്തും. ഇതിനുള്ള ചെലവ് ഏജൻസികൾ വഹിക്കും. -മനോജ് എബ്രഹാം അഡി.ഡി.ജി.പി, പൊലീസ് ആസ്ഥാനം

പിഴത്തുക പങ്കുവയ്ക്കൽ

(ഏജൻസി, സർക്കാർ)

80:20

ആദ്യവർഷം

70:30

രണ്ടാംവർഷം

60:40

മൂന്നാംവർഷം

4000 പൊലീസുകാരെ നിത്യേന റോഡിൽ നിന്നൊഴിവാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here