ഷവർമ മാത്രമല്ല; ശ്രദ്ധിച്ചില്ലെങ്കിൽ ഇവയും അപകടകാരിയായേക്കാം; ജാഗ്രത

0
270

പാലക്കാട്: ഷവർമ മാത്രമല്ല ശ്രദ്ധിച്ചില്ലെങ്കിൽ ഏതു ഭക്ഷണവും അപകടകാരിയായേക്കാം. പഴകിയ ഭക്ഷണം, ഇവയിൽ കലരുന്ന രാസവസ്തുക്കൾ, മലിനജലം എന്നിവയിലൂടെ ഭക്ഷ്യവിഷബാധയുണ്ടാകാം.

ഭക്ഷണം പാചകം ചെയ്യുമ്പോഴും സൂക്ഷിച്ചു വയ്ക്കുമ്പോഴുമുണ്ടാകുന്ന അശ്രദ്ധ അണുബാധയ്ക്കു കാരണമാകും. ഭക്ഷണം കഴിച്ച ശേഷം ഒന്നോ രണ്ടോ മണിക്കൂറിനുള്ളിലോ ഒരു ദിവസത്തിന്റെ ഇടവേളയിലോ ലക്ഷണം പ്രകടമാകും. ഇതു ഗുരുതരമായാൽ തലച്ചോറിനെയും നാഡീവ്യൂഹത്തെയും വരെ ബാധിച്ചു മരണത്തിനു കാരണമായേക്കാം.

ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ

ഛർദി, മനംപുരട്ടൽ, വയറിളക്കം, വയറുവേദന, ശരീരത്തിൽ തരിപ്പ്, വിശപ്പു കുറയൽ, വയറു സ്തംഭിച്ച അവസ്ഥ, പനി, ക്ഷീണം, തലകറക്കം, കടുത്ത തലവേദന, അടിവയറിന്റെ ഭാഗങ്ങളിൽ വേദന, മലത്തിൽ ചോരയുടെ അംശം, ഹൃദയമിടിപ്പിലെ വ്യതിയാനം, സോഡിയം–പൊട്ടാസ്യം എന്നിവ കുറഞ്ഞു ബോധക്ഷയം എന്നിവ ലക്ഷണങ്ങളാകാം. ലക്ഷണം കൂടുതൽ നേരം നീണ്ടു നിന്നാലോ ഗുരുതരമായാലോ ആശുപത്രിയിൽ ചികിത്സ തേടണം.

ഇവരെ സൂക്ഷിക്കണം:

∙ ബാക്ടീരിയകൾ: സാൽമോണെല്ല ഭക്ഷ്യ വിഷബാധയ്ക്കു കാരണമായ പ്രധാന ബാക്ടീരിയകളിലൊന്നാണ്. മുട്ട, ചിക്കൻ, പച്ചമുട്ട ചേർത്തുണ്ടാക്കുന്ന മയണൈസ് എന്നിവയിൽ ഈ ബാക്ടീരിയ ഉണ്ടാകും. നന്നായി പാചകം ചെയ്യാതെ കഴിച്ചാൽ ഇവ ശരീരത്തിനകത്തെത്തും. സ്റ്റെഫിലോകോക്ക്സ ഓറിയസ്, ലിസ്റ്റീരിയ മോണോ സൈറ്റോജൻസ്, ക്ലോസ്ട്രീഡിയം ബോട്ടുലിനം, വിബ്രിയോ തുടങ്ങി ബാക്ടീരിയകളും വില്ലൻമാരാണ്. സാലഡുകളിലും ശുദ്ധമല്ലാത്ത ജലത്തിലും പാലിലും ഇ കോളി ബാക്ടീരിയ ഉണ്ടാകാം.

∙ വൈറസുകൾ: നോർ‌വാക്ക്, നോറോ, സപ്പോ, റോട്ട, ആസ്ട്രോ തുടങ്ങി വൈറസുകൾ ഭക്ഷ്യവിഷബാധയുണ്ടാക്കും. ഹെപ്പറ്റൈറ്റിസ് എ എന്ന വൈറസും ഭക്ഷണത്തിലൂടെ പകരാൻ സാധ്യതയുള്ളതാണ്.

∙ പാരസൈറ്റുകൾ: കുറവാണെങ്കിലും ഇതു മാരകമാണ്. ടോക്സോപ്ലാസ്മ പോലുള്ളവ ഗുരുതര പ്രശ്നങ്ങളുണ്ടാക്കും.

പാരസെറ്റുകൾ ശരീരത്തിൽ വർഷങ്ങളോളം കണ്ടുപിടിക്കപ്പെടാത്ത തുടരാം.

ചികിത്സ

ഗുരുതരമല്ലാത്ത ഭക്ഷ്യവിഷ ബാധ ചിലപ്പോൾ വയറിളക്കിത്തിനു ശേഷമോ ഛർദിച്ച ശേഷമോ മാറിയേക്കാം. ഈ സമയം തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻ വെള്ളം, ഒആർഎസ് ലായനി എന്നിവ നന്നായി കുടിക്കണം. ലക്ഷണങ്ങൾ ഗുരുതരമായാലും നീണ്ടു നിന്നാലും ആശുപത്രിയിൽ ചികിത്സ തേടണം.

(‌കടപ്പാട് ∙ ഡോ.ഗോവിന്ദ് കെ.പുരുഷോത്തമൻ, സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം പാലന ആശുപത്രി, പാലക്കാട്. )

സൂക്ഷിക്കാം, ശ്രദ്ധിക്കാം

∙ ഭക്ഷണത്തിനു രുചി, മണം, നിറം എന്നിവയിൽ വ്യത്യാസം അനുഭവപ്പെട്ടാലോ പഴകിയതാണെന്നു തോന്നിയാലോ കഴിക്കരുത്.

∙ കടകളിൽ നിന്നോ മറ്റോ ജ്യൂസ് കുടിക്കുമ്പോൾ അതിന് ഉപയോഗിക്കുന്ന വെള്ളവും ഐസും ശുദ്ധമാണെന്ന് ഉറപ്പാക്കണം.

∙ തണുത്ത ആഹാരം നന്നായി ചൂടാക്കിയ ശേഷം മാത്രം കഴിക്കാം.

∙ മസാലപ്പൊടികൾ വാങ്ങുമ്പോൾ കുറഞ്ഞ കാലയളവിലേക്കു വാങ്ങാം. പൊടികൾ ബോക്സിൽ അടച്ചു സൂക്ഷിക്കുന്നതിനാൽ കാലാവധി കഴിഞ്ഞതു നമ്മുടെ ശ്രദ്ധയിൽപെട്ടെന്നു വരില്ല. ഉപയോഗശേഷം ഇവ വായുസ‍ഞ്ചാരമില്ലാത്ത ബോക്സിൽ അടച്ചു വയ്ക്കാം. നനഞ്ഞ സ്പൂൺ കൊണ്ടു പൊടികൾ എടുക്കുന്നതു ഫംഗസ് ബാധയുണ്ടാക്കും.

∙ അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഈച്ച ശല്യം ഒഴിവാക്കണം.

∙ കേടായ പച്ചക്കറികൾ ആ ഭാഗം മുറിച്ചു കളഞ്ഞ് ഉപയോഗിക്കുന്ന രീതി വേണ്ട.

∙ പഴം, പച്ചക്കറി, ധാന്യങ്ങൾ, ഇറച്ചി, മത്സ്യം തുടങ്ങിയവ നന്നായി കഴുകണം. ടാപ്പ് തുറന്നു ശക്തിയായ വെള്ളത്തിൽ കഴുകുന്നതു നല്ലതാണ്.

∙ പഴവും പച്ചക്കറികളും ഉപ്പു വെള്ളത്തിലോ അൽപം വിനാഗിരി ഒഴിച്ചോ കഴുകാം.

∙ പാചകം ചെയ്യുന്നതിനു മുൻപു കൈകൾ സോപ്പിട്ടു കഴുകാം. പാചകം ചെയ്യുന്നതും കഴിക്കാൻ ഉപയോഗിക്കുന്നതുമായ പാത്രങ്ങൾ വൃത്തിയായി സൂക്ഷിക്കണം.

∙ മാംസം, മത്സ്യം, മുട്ട എന്നിവ മറ്റു ഭക്ഷണ പദാർഥങ്ങൾക്കൊപ്പമോ പച്ചക്കറികളുടെ കൂട്ടത്തിലോ സൂക്ഷിക്കരുത്.

∙ പാചകം ചെയ്യാനുപയോഗിക്കുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പാക്കണം.

∙ ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ തണുത്ത വെള്ളത്തിൽ കഴുകി വൈകാതെ പാചകം ചെയ്യണം.

∙ ഭക്ഷണ വസ്തുക്കൾ മൂന്നു ദിവസത്തിൽ കൂടുതൽ ഫ്രിജിൽ സൂക്ഷിക്കുന്നതു നല്ലതല്ല. വേനലായതിനാൽ ഫ്രിജിലെ തണുപ്പ് കൂട്ടിക്കൊടുക്കാം.

∙ ഫ്രിജിൽ നിന്നെടുത്ത ഭക്ഷണം ഒരിക്കൽ ചൂടാക്കിയ ശേഷം വീണ്ടും ഫ്രിജിൽ വയ്ക്കുന്നതു നല്ലതല്ല.

ഭക്ഷ്യസുരക്ഷാ ഓഫിസർ ആവശ്യത്തിനില്ല

ജില്ലയിൽ വേണ്ടത്ര ഭക്ഷ്യ സുരക്ഷാ ഓഫിസർമാരില്ലാത്തതു നടപടികളെ ബാധിക്കുന്നു. 13 ഉദ്യോഗസ്ഥർ വേണ്ടിടത്ത് 6 പേർ മാത്രം. പട്ടാമ്പി, തൃത്താല, ഷൊർണൂർ, മണ്ണാർക്കാട്, പാലക്കാട്, നെന്മാറ, ചിറ്റൂർ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ ഓഫിസർമാരില്ല. പരിശോധന ഉൾപ്പെടെ നടപടികൾ നടക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാനത്തു ഭക്ഷ്യ വിഷബാധ കൂടുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കുമെന്നു ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here