രാമനവമി ഘോഷയാത്ര പള്ളിക്കു മുന്നിലെത്തിയപ്പോൾ ഡി.ജെ നിർത്തിവച്ചു; വിദ്വേഷ പ്രചാരണങ്ങൾക്കിടയിൽ മറ്റൊരു കാഴ്ച (വിഡിയോ)

0
169

മുംബൈ: ഇത്തവണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാമനവമി ആഘോഷങ്ങൾക്കിടെ വലിയ തോതിലുള്ള വർഗീയലഹളയും സംഘർഷങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശ്, ഗുജറാത്ത്, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലെല്ലാം പലതരത്തിലുള്ള അക്രമസംഭവങ്ങളും സംഘർഷങ്ങളും നടന്നു. മുസ്‌ലിം പള്ളികൾക്കുമുൻപിൽ ഘോഷയാത്ര നിർത്തി വിദ്വേഷ മുദ്രാവാക്യങ്ങളും ഗാനങ്ങളും മുഴക്കുന്നതായിരുന്നു പലയിടത്തും പൊതുവായി കണ്ട കാഴ്ച. എന്നാൽ, ഇതേദിവസങ്ങളിൽ രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് നടന്ന രാമനവമി ഘോഷയാത്രയ്ക്കിടയിൽ നടന്ന മതസൗഹാർദത്തിന്റെ കാഴ്ച പ്രതീക്ഷ പകരുന്നതാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽനിന്നാണ് ഈ വാർത്ത വരുന്നത്.

ഔറംഗാബാദിൽ നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെയാണ് വിദ്വേഷ വാർത്തകൾക്കിടയിലും ആശ്വാസം നൽകുന്ന സംഭവം. ഘോഷയാത്ര നഗരത്തിലെ പള്ളിയുടെ പരിസരത്തെത്തിയപ്പോൾ ഇതിന്റെ ഭാഗമായുണ്ടായിരുന്ന ഡി.ജെ ഓഫ് ചെയ്തായിരുന്നു ആഘോഷക്കാർ സഹോദര മതസ്ഥരോട് ആദരവ് പ്രകടിപ്പിച്ചത്. റാലി പള്ളിയും കടന്നുപോയ ശേഷമായിരുന്നു പിന്നീട് പാട്ടും ഡി.ജെയുമെല്ലാം വീണ്ടും പ്രക്ഷേപണം ചെയ്തത്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

വിഡിയോയിൽ ഘോഷയാത്ര പള്ളയുടെ പരിസരത്തെത്തുമ്പോൾ ഇങ്ങനെയൊരു അനൗൺസ്‌മെന്റ് കേൾക്കാം: ”രണ്ട് മിനിറ്റ് നേരം ഡി.ജെ മ്യൂസിക് നിർത്തിവയ്ക്കുകയാണ്. പള്ളി വിട്ടുകടന്ന ശേഷം മ്യൂസിക് പുനരാരംഭിക്കും. പ്രശ്‌നമൊന്നുമില്ല. എല്ലാ മതവിഭാഗങ്ങളും സഹവർത്തിത്വത്തോടെ കഴിയുന്ന തരത്തിൽ നമ്മളെല്ലാം ഒന്നിച്ചു കഴിയേണ്ടതുണ്ട്.”

ബിലാൽ ജലീൽ എന്ന പേരുള്ള ഒരു ഔറംഗാബാദുകാരനാണ് ഈ വിഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ”ഇതാണ് മഹാരാഷ്ട്രയുടെ പ്രത്യേകത. ഇത് എന്റെ സ്വന്തം നാടായ ഔറംഗാബാദിലാണ്. രാമനവമി ആഘോഷിക്കുന്ന ഈ സംഘം പള്ളി മുറിച്ചുകടക്കുമ്പോൾ ഡി.ജെ നിർത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.” ട്വീറ്റിൽ പറയുന്നു.

വിഡിയോ സമൂഹമാധ്യമങ്ങൾ വലിയ തോതിൽ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ രണ്ടു ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടിട്ടുള്ളത്. ആയിരക്കണക്കിനു പേർ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here