പാലക്കാട് ഇരട്ടക്കൊല: സർവകക്ഷി യോഗത്തിൽനിന്ന് ബി.ജെ.പി പ്രതിനിധികൾ ഇറങ്ങിപ്പോയി

0
132

പാലക്കാട്: ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽനിന്ന് ബി.ജെ.പി പ്രതിനിധികൾ ഇറങ്ങിപ്പോയി. പാലക്കാട് കലക്ടറേറ്റിലാണ് വൈകീട്ട് മൂന്നരയോടെ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചത്. എന്നാൽ, കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് ബി.ജെ.പി പ്രതിനിധികൾ ഇറങ്ങിപ്പോകുകയായിരുന്നു.

യോഗം ആരംഭിച്ചതിനു പിന്നാലെ തന്നെ എതിർപ്പ് അറിയിച്ച് ബി.ജെ.പി പ്രതിനിധികൾ രംഗത്തെത്തിയിരുന്നു. യോഗത്തിന്റെ സംഘാടനത്തിൽ ബി.ജെ.പി പ്രതിനിധികൾ എതിർപ്പ് അറിയിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടിയും സി.പി.എം പ്രതിനിധിയും തമ്മിൽ തർക്കമാണെന്ന് ഇവർ ആരോപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടി തൃപ്തികരമല്ലെന്നും ഇതിനാൽ യോഗം വെറും പ്രഹസനമാണെന്നും ബി.ജെ.പി പ്രതിനിധികൾ ആരോപിച്ചു.

അക്രമ സംഭവങ്ങളുടെ തുടർച്ചയൊഴിവാക്കാൻ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നതിനിടെയാണ് സർവകക്ഷി സമാധാന യോഗം ചേരുന്നത്. ബി.ജെ.പി, പോപ്പുലർ ഫ്രണ്ട് പ്രതിനിധികൾക്കൊപ്പം ജനപ്രതിനിധികളും മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിനിടെ ജില്ലയിൽ നിരോധനാജ്ഞ നിയന്ത്രണങ്ങൾ കർശനമാക്കി. ഇരുചക്ര വാഹനയാത്രയ്ക്കാണ് നിയന്ത്രണം. പിൻസീറ്റിൽ സ്ത്രീകളോ കുട്ടികളോ ഒഴികെയുള്ളവർ യാത്ര ചെയ്യരുതെന്നാണ് നിർദേശം.

അതേസമയം, സുബൈർ വധക്കേസിൽ മൂന്നുപേര്‍ കൂടി പിടിയിലായി. ആറുമുഖൻ, ശരവണൻ, രമേശ് എന്നിവരാണ് പിടിയിലായത്. അലിയാറിൽ നിന്ന് കാർ വാടകയ്ക്ക് എടുത്തയാളാണ് പാറ സ്വദേശി രമേശ്. ഇവർ മൂന്നുപേരും പൊലീസിൽ കീഴടങ്ങുകയായിരുന്നു.

നേരത്തെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആർ.എസ്എസ് പ്രവർത്തകരായ ജിനീഷ്, സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരെയായിരുന്നു കസ്റ്റഡിയിലെടുത്തത്. സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവർ എസ്.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ്. റിമാൻഡിലായിരുന്ന ഇവർ ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here