‘ഹിന്ദുക്കളും മുസ്ലീംകളും ഒരമ്മ പെറ്റ മക്കളെ പോലെ കഴിയണം’; വർഗീയ സംഘർഷമുണ്ടാക്കുന്നവരെ സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്ന് യെദ്യൂരപ്പ

0
273

ബെം​ഗളൂരു: രാജ്യത്തെ ഹിന്ദുക്കളും മുസ്ലീംകളും സഹോദരന്മാരെ പോലെ കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്ന് മുൻ കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കഴിഞ്ഞ ദിവസം കർണ്ണാടകയിലെ ക്ഷേത്ര പരിസരത്തെ മുസ്ലീം വ്യാപാരികളുടെ കടകൾ അടിച്ചു തകർത്ത ശ്രീരാമ സേനാ പ്രവർത്തകരുടെ അക്രമത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു യെദ്യൂരപ്പ.

കർണാടകയിൽ ഹിന്ദുത്വ അനുകൂല സംഘടനകൾ നടത്തുന്ന വർഗീയ സംഭവങ്ങളിൽ നിശ്ശബ്ദത പാലിക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കതിരെ ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം. വർഗീയ സംഘർഷം സൃഷ്ടിക്കുന്ന ഇത്തരം സംഭവങ്ങൾ കർണ്ണാടക സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും ഇതിനെതിരെ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.

”ഹിന്ദുക്കളും മുസ്ലീംകളും സഹോദരന്മാരെപ്പോലെ, ഒരമ്മയുടെ മക്കളെ പോലെ ജീവിക്കണമെന്നതാണ് എന്റെ ആഗ്രഹം. രാജ്യത്തെ ഐക്യം തകർക്കാൻ ശ്രമിക്കരുത്. മതത്തിന്റെ പേരിൽ രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കണം” യെദ്യൂരപ്പ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് കർണ്ണാടക ധർവാഡ് ജില്ലയിലെ ക്ഷേത്ര പരിസരത്തെ മുസ്ലീം വ്യാപാരികളുടെ കടകൾ ഹിന്ദുത്വ പ്രവർത്തകർ തകർത്തത്. നഗ്ഗിക്കേരി ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിന് സമീപം തണ്ണിമത്തൻ വിൽപ്പന നടത്തിയിരുന്ന മുസ്ലീം വ്യാപാരികളുടെ ഉന്തുവണ്ടികളാണ് ഹിന്ദുത്വ സംഘടനയായ ശ്രീരാമ സേനാ പ്രവർത്തകർ തകർത്തത്.

ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ കർണാടകയിൽ ഒന്നിന് പുറകെ ഒന്നായി നടക്കുന്ന വർഗീയ സംഘർഷങ്ങൾ നടക്കുന്നുണ്ട്. ഉഡുപ്പി ജില്ലയിൽ ഹിജാബിൽ നിന്ന് ആരംഭിച്ച വിവാദം, ഇപ്പോൾ മുസ്ലീം കച്ചവടക്കാർക്കെതിരെയുളള വിദ്വേഷ പ്രചാരണങ്ങളിൽ വരെ എത്തിനിൽക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here