രാജ്യത്ത് കൊവിഡ് പ്രതിവാര കേസുകൾ ഇരട്ടിയായി; കേരളത്തിലടക്കം നേരിയ വർധന, ദില്ലിയിൽ ആയിരത്തിന് മുകളിൽ കേസുകൾ

0
62

ദില്ലി: രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഇരട്ടിയായി. കഴിഞ്ഞ ഒരാഴ്ച 15,000ത്തിൽ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് കോടി കൊവിഷീൽഡ് ഡോസുകൾ ഉടൻ ഉപയോഗിക്കണമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, കൊവിഡ് കണക്കിൽ വർധന ഉണ്ടായതോടെ പ്രധാനമന്ത്രി മറ്റന്നാൾ മുഖ്യമന്ത്രിമാരുമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

ദില്ലിയിൽ തുടർച്ചയായി മൂന്നാമത്തെ ദിവസവും പ്രതിദിന കൊവിഡ് കണക്ക് ആയിരത്തിന് മുകളിലാണ്. 1083 പേർക്കാണ് ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ചത്.  4.48 ശതമാനമാണ് ദില്ലിയിലെ പൊസിറ്റിവിറ്റി നിരക്ക്. തലസ്ഥാനത്ത് കരുതൽ ഡോസ് സൗജന്യമാക്കിയതോടെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വീണ്ടും ആളുകൾ എത്തി തുടങ്ങി. ദില്ലിക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കൊവിഡിൽ നേരിയ വർധന ഉണ്ടായതോടെ മറ്റന്നാൾ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേരും. ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി മൻസുഖ് മണ്ഡവ്യ എന്നിവരും മറ്റന്നാളത്തെ യോഗത്തിൽ പങ്കെടുക്കും എന്നാണ് വിവരം.

കൊവിഡ് നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരേണ്ടതുണ്ടോ എന്ന്  ഉന്നതതല യോഗം ചർച്ച ചെയ്തേക്കും. പരിശോധനയും വാക്സിനേഷനും കൂട്ടാനും നിർദേശമുണ്ടാകും. ദില്ലിയിലൊഴികെ രാജ്യത്ത് പണമീടാക്കുന്നത് കൊണ്ട് കരുതൽ ഡോസ് വിതരണത്തിൽ മെല്ലെപ്പോക്കാണ്.  അതേസമയം കുട്ടികളിലെ വാക്സിനേഷൻ കൂടുതൽ വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം. ആറിനും പന്ത്രണ്ടിനും ഇടയിലുള്ളവർക്ക് കൊവാക്സീൻ കുത്തിവെക്കാൻ അനുമതി നൽകാൻ ഡിസിജിഐ വിദഗ്ധ സമിതി ശുപാർശ ചെയ്തു. കഴിഞ്ഞ ദിവസം അഞ്ചിനും 12നും ഇടയിലുള്ളവർക്ക് കൊർബെവാക്സ് നല്കാനും സമിതി ശുപാർശ ചെയ്തിരുന്നു.

അതേസമയം, രാജ്യത്ത് സ്വാഭാവിക പ്രതിരോധ ശേഷി 90 ശതമാനമാണെന്നും അതിനാൽ ഇനിയൊരു തരംഗത്തിന് സാധ്യത കുറവാണെന്ന് കാൺപൂർ ഐഐടിയിലെ പ്രൊഫസർ മണിന്ത അഗർവാൾ കഴിഞ്ഞ ദിവസം പറഞ്ഞു. കൊവിഡ് മാത്തമാറ്റിക്കൽ മോഡൽ എന്ന പേരിൽ രോഗത്തിൻ്റെ ഗതി പ്രവചിക്കുന്ന സംവിധാനം പ്രൊഫ മണിൻഡ് അഗർവാൾ വികസിപ്പിച്ചിരുന്നു. പുതിയ വകഭേദങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യാത്തതിനാൽ അടുത്ത തരംഗത്തെ കുറിച്ച് ആശങ്ക വേണ്ടെന്ന്  ഐസിഎംആർ മുൻ തലവനായ ഡോ.ആർ ഗംഗഖേദ്കറും അഭിപ്രായപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here