ദല്‍ഹിക്ക് പിന്നാലെ ഗുജറാത്തിലും ബുള്‍ഡോസര്‍ രാജ്; മുസ്‌ലിം സംഘടനയുടേതടക്കം പത്തോളം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി

0
287

ഗാന്ധിനഗര്‍: ദല്‍ഹിയിലേതിന് സമാനമായി രാമനവമി ഘോഷയാത്രയുടെ ഭാഗമായി സംഘര്‍ഷങ്ങളുണ്ടായതിന് പിന്നാലെ ഗുജറാത്തിലും കെട്ടിടം പൊളിക്കല്‍ നടപടികളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ഗുജറാത്തിലെ ഹിമ്മതനഗറിലാണ് ‘കൈയേറ്റ വിരുദ്ധ’ നടപടിയുടെ ഭാഗമായി കടകമ്പോളങ്ങളടക്കമുള്ള കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത്.

‘ഇന്നത്തെ കൈയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി ടി.പി റോഡ് ഛപ്പാരിയയിലെ മൂന്ന് – നാല് കിയോസ്‌ക്കുകളും രണ്ട് – മൂന്ന് കുടിലുകളും ഒരു ഇരുനിലക്കെട്ടിടവും പൊളിച്ചുമാറ്റി.

15 മീറ്റര്‍ റോഡിന്റെ മൂന്ന് മീറ്ററോളം കെട്ടിട ഉടമകള്‍ കൈയേറിയിരിക്കുകയാണ്. 2020-ല്‍ ഞങ്ങള്‍ ഇവര്‍ക്കെതിരെ നോട്ടീസ് അയച്ചിരുന്നു. ഇത് പതിവായി നടക്കുന്ന കൈയേറ്റം ഒഴിപ്പിക്കല്‍ മാത്രമാണ്.

ഏപ്രില്‍ 10 ന് നടന്ന സംഭവങ്ങളുമായി ഇതിന് ഒരു ബന്ധവുമില്ല. മറ്റ് മേഖലകളിലും ഞങ്ങള്‍ സമാനമായ നടപടി തുടരും,’ ഹിമ്മത്‌നഗറിലെ ചീഫ് മുനിസിപ്പല്‍ ഓഫീസര്‍ നവനീത് പട്ടേല്‍ പറഞ്ഞു.

ഏപ്രില്‍ 10ന് നടന്ന സാമുദായിക കലാപവുമായി ഈ ഒഴിപ്പിക്കലിന് ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

‘ചൊവ്വാഴ്ച നടന്ന ഒഴിപ്പിക്കലിന് ഏപ്രില്‍ 10ന് നടന്ന സംഭവങ്ങളുമായി ഒരു ബന്ധവുമില്ല. ഒഴിപ്പിക്കലിനെ കുറിച്ച് തദ്ദേശ സ്വയംഭരണ മേധാവി അറിയിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്,’ സബര്‍കാന്ത എസ്.പി വിശാല്‍ വഗേല പറഞ്ഞു.

ഒഴിപ്പിക്കലിനിടെ പൊളിച്ചുമാറ്റിയ ഇരുനില കെട്ടിടം ഹിമ്മത്‌നഗറിലെ അഷ്‌റഫ് നഗര്‍ ജമാഅത്ത് എന്ന സാംസ്‌കാരിക-മത സംഘടനയുടേതാണ്.

ഏപ്രില്‍ 10ന്, രാമനവമി ഘോഷയാത്രയ്ക്കിടെ സ്ഥലത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ സംഭവസ്ഥലത്ത് കല്ലേറും തീവെപ്പും ഉണ്ടാവുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പൊലീസെത്തിയ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിക്കുയും 22 പേരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. പിറ്റേ ദിവസവും ഇതിന് സമാനമായ കല്ലേറുണ്ടാവുകയും തുടര്‍ന്ന് പൊലീസ് 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here