മുസ്‌ലിമാണോ, എന്നാല്‍ കളിക്കേണ്ട; ക്രിക്കറ്റില്‍ നിന്നും മുസ്‌ലിങ്ങളെ വിലക്കി ബി.ജെ.പി എം.എല്‍.എ

0
346

മധ്യപ്രദേശ്: മുസ്‌ലിങ്ങളെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കി ബി.ജെ.പി എം.എല്‍.എ. മധ്യപ്രദേശിലെ ഖാന്‍ഡ്വയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ബി.ജെ.പി എം.എല്‍.എ ആയ ദേവേന്ദ്ര വര്‍മ വിലക്കിയിരിക്കുന്നത്. എം.എല്‍.എയുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഹിന്ദി മാധ്യമമായ എ.ബി.പി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏപ്രില്‍ 20നാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. മുസ്‌ലിം കളിക്കാരുള്ള ടീമിനോട് അവരില്ലാതെ കളിക്കാനാണ് ടൂര്‍ണമെന്റ് സംഘാടകര്‍ ആവശ്യപ്പെട്ടത്. 32 ടീമുകള്‍ പങ്കെടുക്കാനിരുന്ന ടൂര്‍ണമെന്റില്‍ നിന്നും ഇക്കാരണം കൊണ്ടുമാത്രം നിരവധി താരങ്ങള്‍ പുറത്തായിരുന്നു.

മതത്തിന്റെ പേരില്‍ തങ്ങളെ മാറ്റിനിര്‍ത്തുകയാണെന്ന് കാണിച്ച് ചില താരങ്ങള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

മുസ്‌ലിങ്ങളെ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാത്തതിന് വിചിത്രമായ കാരണമാണ് എം.എല്‍.എ പറയുന്നത്. നാല് വര്‍ഷം മുമ്പ് ചില മുസ്‌ലിം കളിക്കാര്‍ ടൂര്‍ണമെന്റിനിടെ പ്രശ്‌നമുണ്ടാക്കിയെന്നും അതിനാലാണ് ആ വിഭാഗത്തില്‍ നിന്നുള്ളവരെ മാറ്റുന്നത് എന്നുമാണ് ഇയാള്‍ പറയുന്നത്.

‘ഞാന്‍ ഒരു മതത്തിനും എതിരല്ല. നാല് വര്‍ഷത്തിന് മുമ്പ് ഇത്തരമൊരു ടൂര്‍ണമെന്റ് സംഘടിപ്പിച്ചപ്പോള്‍ ചില മുസ്‌ലിം കളിക്കാര്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് നാല് വര്‍ഷം ടൂര്‍ണമെന്റ് ഉപേക്ഷിക്കേണ്ടി വന്നു.

ഇക്കാരണത്താലാണ് മുസ്‌ലിം കളിക്കാരെ ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയത്. മുസ്‌ലിങ്ങളെ വിലക്കുന്നതോടെ സമാധാനപരമായി മത്സരം സംഘടിപ്പിക്കാന്‍ സാധിക്കും,’ അവര്‍ പറഞ്ഞു.

ക്രിക്കറ്റില്‍ നിന്നും മുസ്‌ലിം താരങ്ങളെ മാറ്റി നിര്‍ത്തുന്നത് ഇതാദ്യമായാണെന്നും ഇക്കാരണം കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ക്രിക്കറ്റ് താരവും അഭിഭാഷകനുമായ തന്‍വീര്‍ സൊഹൈല്‍ പറഞ്ഞു. ഇതി തെറ്റായ പാരമ്പര്യമാണെന്നും ഇത് നമ്മുടെ ഭാവിയെ തന്നെ ചോദ്യചിഹ്നത്തിലാക്കുമെന്നും സൊഹൈല്‍ കൂട്ടിച്ചേര്‍ത്തു.

‘മതത്തിന്റെ പേരില്‍ താരങ്ങള്‍ക്കിടിയില്‍ വിഭാഗീയത സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സ്‌പോര്‍ട്‌സില്‍ ജാതിക്കോ മതത്തിനോ സ്ഥാനമില്ല. എല്ലാ കളിയും സ്‌പോര്‍ട്‌സ്മാന്‍ഷിപ്പോടെ വേണം കളിക്കാന്‍. മതത്തിന്റെ പേരില്‍ ഇത്തരത്തില്‍ മാറ്റിനിര്‍ത്തുന്ന ടൂര്‍ണമെന്റുകള്‍ ഉടന്‍ റദ്ദാക്കണം,’ സൊഹൈല്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here