തലപ്പാടി – ചെങ്കള ദേശീയപാത വികസനം; മാറ്റിസ്ഥാപിക്കുന്നത്‌ 
2323 വൈദ്യുതി തൂൺ

0
329

കാസർകോട്‌;ദേശീയപാത വികസനത്തിനായി വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തിലാക്കി. തലപ്പാടി മുതൽ കാലിക്കടവ്‌ വരെ  മഴക്കാലം തുടങ്ങുന്നതിന്‌ മുമ്പ്‌  ലൈനുകൾ മാറ്റാനുള്ള പ്രവൃത്തിയാണ്‌ നടക്കുന്നത്‌. തലപ്പാടി ചെങ്കള റീച്ചിൽ റോഡ്‌ കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റി തന്നെയാണ്‌ പ്രവൃത്തി കെഎസ്‌ഇബിയിൽ നിന്നേറ്റെടുത്തിരിക്കുന്നത്‌.

35 കോടിയോളം രൂപ ചെലവ്‌ വരും. ഇരുവശങ്ങളിലുമായി 76 കിലോമീറ്റർ ലൈനാണ്‌ മാറ്റി സ്ഥാപിക്കേണ്ടത്‌. എട്ട്‌ കിലോമീറ്റർ മാറ്റി. മൂന്ന്‌ കിലോമീറ്റർ വൈദ്യുതി ചാർജ്‌ ചെയ്‌തു. 2323 തൂണുകൾ സ്ഥാപിക്കണം. 520 സ്ഥാപിച്ചു. 13.2 മീറ്റർ നീളമുള്ളതാണ്‌ തൂൺ. 12 മീറ്റർ മുകളിലും 1.2 മീറ്റർ ഭൂമിക്കടിയിലും വരും. മഴയും പ്രളയവും അതിജീവിക്കാൻ കരുത്തുള്ള കോൺക്രീറ്റിട്ടാണ്‌ തൂണുകൾ സ്ഥാപിക്കുന്നത്‌.  125 ട്രാൻസ്‌ഫോർമർ വേണം. 18 സ്ഥാപിച്ചു.

മൊഗ്രാൽപുത്തൂരിൽ 
തെങ്ങുകളിൽ കുടുങ്ങി

വൈദ്യുതി ലൈൻ മാറ്റിയതിൽ മൂന്ന്‌ കിലോമീറ്ററിൽ മാത്രമാണ്‌ വൈദ്യുതി ചാർജ്‌ ചെയ്യാനായത്‌. റോഡിനായി ഏറ്റെടുത്ത ഭൂമിയിലേക്ക്‌ ചാഞ്ഞ്‌ നിൽക്കുന്ന സ്വകാര്യ വ്യക്തികളുടെ തെങ്ങുകൾ മുറിച്ചുമാറ്റാത്തതാണ്‌ പ്രശ്‌നമുണ്ടാക്കുന്നത്‌. സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരമാണ്‌ തെങ്ങിന്റെ ഉടമകൾക്ക്‌ നൽകുക. മഞ്ചേശ്വരം മേഖലയിൽ നാട്ടുകാർ സഹകരിച്ചതിനാൽ തെങ്ങുകൾ മുറിച്ച്‌ മാറ്റി റോഡ്‌ പ്രവൃത്തി വേഗത്തിലായി.

മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ദേശീയപാത അതോറിറ്റി ഏറ്റെടുത്ത ഭൂമിയിലേക്ക്‌ ചാഞ്ഞുനിൽക്കുന്ന  തെങ്ങുകൾ മുറിക്കാൻ ചിലർ തയ്യാറാകുന്നില്ല.  വലിയ തുകയാണ്‌ ചോദിക്കുന്നത്‌. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ തെങ്ങുകളടക്കം മുറിച്ചുമാറ്റിയപ്പോഴാണ്‌ ഈ ദുരവസ്ഥ. ഇത്‌ തുടർന്നാൽ  ഈ പ്രദേശങ്ങളിൽ റോഡ്‌പ്രവൃത്തി അനിശ്ചിത്വത്തിലാകും. മഴക്കാലമെത്തിയാൽ  പ്രവൃത്തി നടക്കില്ല. അതിന്‌ മുമ്പ്‌ പരമാവധി  തീർക്കാനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here