‘കൊവിഡ് പിടിക്കാൻ പറ്റിയ സമയം’ തയ്യാറായിരിക്കണമെന്ന് ഇന്ത്യയിലെ മുൻനിര ശാസ്ത്രജ്ഞ, നാലാം തരംഗ ആശങ്കകൾക്കും മറുപടി

0
82

ന്യൂ‌ഡൽഹി: രാജ്യത്തുടനീളം കൊവിഡ് കേസുകളിൽ ഗണ്യമായി കുറവ് വന്നെങ്കിലും ഡൽഹിയിലെ സ്‌കൂളുകളിൽ രോഗവ്യാപനം വർ‌ദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരികയാണ്. എന്നാൽ ആരോഗ്യമുള്ള സമയത്ത് കൊവിഡ് പിടിപ്പെടുന്നതാണ് കുട്ടികൾക്ക് നല്ലതെന്ന് ഇന്ത്യയിലെ മുൻനിര ശാസ്ത്രജ്ഞയായ ഡോക്‌ടർ ഗഗൻദീപ് കംഗ് പറയുന്നു.

കൊവിഡ് രോഗബാധിതരാകുന്ന കുട്ടികളിൽ കൂടുതൽ പേർക്കും രോഗലക്ഷണങ്ങൾ ഇല്ല. രാജ്യത്തെ 80 ശതമാനം കുട്ടികളും ഇതിനോടകം തന്നെ രോഗബാധിതരായി കഴിഞ്ഞുവെന്നാണ് അടുത്തിടെ നടത്തിയ സർവേകൾ സൂചിപ്പിക്കുന്നതെന്നും ഡോ.ഗഗൻദീപ് പറഞ്ഞു. രോഗത്തിൽ നിന്നും സംരക്ഷണം പ്രതീക്ഷിച്ചിരുന്നിട്ട് കാര്യമില്ല. മുതിർന്നവരിലും കുട്ടികളിലും രോഗം വീണ്ടും വീണ്ടും ബാധിക്കാൻ ഇടയുണ്ട്. അതിനാൽ തന്നെ കൊവിഡ് ബാധിച്ചവരിൽ എത്ര കുട്ടികൾക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നു എന്നതിനാണ് മാതാപിതാക്കൾ ഊന്നൽ നൽകേണ്ടതെന്നും ഡോക്‌ടർ പറഞ്ഞു. എന്നാൽ ഈ നിരക്ക് വളരെ കുറവാണ്. കൊവിഡ് ചികിത്സ ആവശ്യമായി വന്ന കുട്ടികൾക്കെല്ലാം മറ്റ് രോഗങ്ങളും ഉണ്ടായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി.

ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ ഒമിക്രോൺ വകഭേദമായ എക്‌സ് ഇ കാരണമാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ശ്വാസകോശത്തിലെ അണുബാധയ്ക്ക് കാരണമായേക്കാം. എന്നാൽ പനി, അസ്വസ്ഥതകൾ തുടങ്ങിയ രോഗലക്ഷണങ്ങൾ കാണാറുണ്ടെങ്കിലും എക്‌സ് ഇ ബാധിക്കുന്നവർക്ക് ആശുപത്രി ചികിത്സ വേണ്ടിവരാറില്ലെന്നും ഡോക്‌ടർ വ്യക്തമാക്കി. അടുത്തിടെ രോഗികളുടെ എണ്ണം കൂടിയത് നാലാം തരംഗത്തിന് കാരണമാവുമെന്ന് പറയാൻ സാധിക്കില്ല. വാക്‌സിൻ സ്വീകരിച്ചവരായിരുന്നാലും മുൻപ് രോഗം വന്നിട്ടുള്ളവരായിരുന്നാലും ഇനിയുള്ള സമയങ്ങളിൽ എപ്പോൾ വേണമെങ്കിലും രോഗം പിടിപ്പെടാൻ തയ്യാറായിരിക്കണമെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here