യുക്രൈനില്‍ യുദ്ധം തുടങ്ങി റഷ്യ; കീവില്‍ ആറിടത്ത് സ്ഫോടനം

0
367

യുക്രൈനില്‍ യുദ്ധം തുടങ്ങി റഷ്യ. യുക്രൈനില്‍ നിന്ന് സ്ഫോടന ശബ്ദം കേട്ടെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടന ശബ്ദം കേട്ടെന്നാണ് ബിബിസിയും സിഎന്‍എന്നും റിപ്പോര്‍ട്ട് ചെയ്തത്.

ഡൊനെറ്റ്സ്ക് മേഖലയിലെ ക്രമാറ്റോർസ്കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാർകിവ്, ഒഡെസ, കിഴക്കൻ ഡൊനെറ്റ്സ്ക് ഒബ്ലാസ്റ്റ് പ്രദേശം എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി സോഷ്യൽ മീഡിയയില്‍ അപ്ഡറ്റുകള്‍ വരുന്നുണ്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

യുക്രൈനെതിരെ സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടതോടെയാണ് യുദ്ധം തുടങ്ങിയത്. യുക്രൈനിലെ ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാനാണ് പുടിന്‍ സൈന്യത്തിന് നിർദേശം നൽകിയത്. മേഖലയില്‍ യുക്രൈന്‍റെ ആക്രമണമുണ്ടാകുന്നുവെന്നാണ് റഷ്യയുടെ ആരോപണം. അതിന് തടയിടാന്‍ സൈനിക നടപടി വേണമെന്നാണ് പുടിന്‍ വ്യക്തമാക്കിയത്.

ലോകരാജ്യങ്ങള്‍ ഇടപെടരുതെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പുടിന്‍ മുന്നറിയിപ്പു നല്‍കി. ആയുധം താഴെവെക്കണമെന്നും പുടിന്‍ യുക്രൈനോട് ആവശ്യപ്പെട്ടു. അതേസമയം, യുദ്ധനീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സാഹചര്യം കൂടുതല്‍ അപകടകരമായി മാറിയതിനാല്‍ യു.എന്‍ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ചേരുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here