ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പിന്നില്‍ മയക്കുമരുന്ന് സംഘം; വിലാപയാത്രക്കിടെയുണ്ടായ അക്രമത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരായ പരാതി പൊലീസ് സ്വീകരിക്കുന്നില്ല: പ്രദേശവാസി

0
264

ബെംഗളൂരു: ശിവമോഗയിലെ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകന്‍ കൊലപാതകത്തിന് പിന്നില്‍ മുസ്‌ലിങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുന്നതായി പ്രദേശവാസിയുടെ മൊഴി.

ശിവമോഗ തീര്‍ത്ഥഹള്ളി റോഡ് സ്വദേശിയായ റിയാസ് അഹമ്മദ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

കൊലപാതകത്തിന് പിന്നാലെ നടന്ന വിലാപയാത്രക്കിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ നിന്ന് ബി.ജെ.പി നേതാക്കളുടെ പേര് വെട്ടിമാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.

ബി.ജെ.പി മന്ത്രി കെ.എസ്. ഈശ്വരപ്പ നിരോധനാജ്ഞ ലംഘിച്ച് വിലാപയാത്രക്ക് നേതൃത്വം നല്‍കുകയും കൊലപാതകത്തിന് പിന്നില്‍ മുസ്‌ലിം ഗുണ്ടകളാണെന്ന വര്‍ഗീയ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈശ്വരപ്പക്കെതിരെ ശിവനൊഗ്ഗ ദൊഡ്ഡപേട്ട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പൊലീസ് സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

വിലാപയാത്രയോടനുബന്ധിച്ച് അക്രമികള്‍ നടത്തിയ കല്ലേറില്‍ തന്റെ വീടിന് 70,000 രൂപയുടെ നാശനഷ്ടമുണ്ടായതായും എന്നാല്‍ മന്ത്രി കെ.എസ്. ഈശ്വരപ്പക്കെതിരെ നല്‍കിയ പരാതി പൊലീസ് സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പരാതിയില്‍ നിന്നും ഈശ്വരപ്പയുടെ പേര് നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടതായാണ് ഇദ്ദേഹം പറയുന്നത്.

ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധപ്രകടനവും സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനൊടുവില്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ യോഗം ചേരുകയും പരാതികള്‍ സ്വീകരിക്കാന്‍ സമ്മതിക്കുകയായിരുന്നു.

അതേസമയം ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ മയക്കുമരുന്ന് സംഘമാണെന്നാണ് പ്രദേശവാസിയായ റിയാസ് അഹമ്മദ് പറയുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി നേതാക്കള്‍ മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ച് വര്‍ഗീയ പ്രസ്താവനകള്‍ നടകത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച കൊലപാതകം നടന്നതിന് പിറ്റേന്ന് തിങ്കളാഴ്ച പ്രദേശത്ത് അക്രമത്തിന് സാധ്യതയുണ്ടെന്ന് പൊലീസിന് അറിയാമായിരുന്നെന്നും എന്നാല്‍ നിരോധനാജ്ഞ
ലംഘിച്ച് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വിലാപയാത്രക്ക് പൊലീസ് അനുവാദം നല്‍കിയെന്നും റിയാസ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊലപാതകത്തിന് പിന്നില്‍ ഹിജാബ് വിഷയമാണെന്ന വ്യാജപ്രചരണവും ബി.ജെ.പിയുടെ ഭാഗത്ത് നിന്നും വരുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നാണ് ശിവമോഗ എസ്.പി ലക്ഷ്മി പ്രസാദ് പറഞ്ഞത്.

ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here