ഹിജാബ് വിലക്കിനെതിരെ ഹരജി നല്‍കിയ വിദ്യാര്‍ഥിനിയുടെ സഹോദരനു നേരെ ആക്രമണം; പിതാവിന്‍റെ കട അടിച്ചുതകര്‍ത്തു

0
166

ഹിജാബ് വിലക്ക് ചോദ്യംചെയ്ത് കർണാടക ഹൈക്കോടതിയിൽ ഹരജി നൽകിയ വിദ്യാർഥിനിയുടെ പിതാവിന്റെ കടയ്ക്ക് നേരെ ആക്രമണം. ഹരജിക്കാരിയുടെ പിതാവ് ഉഡുപ്പിയില്‍ നടത്തുന്ന ഹോട്ടലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ സഹോദരന് പരിക്കേറ്റെന്നും ഹരജിക്കാരി പറഞ്ഞു. സംഘ്പരിവാർ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് വിദ്യാര്‍ഥിനി ട്വീറ്റ് ചെയ്തു.

ഇന്നലെ രാത്രി 9 മണിയോടെയാണ് ഉഡുപ്പിയിലെ മാല്‍പെയിലെ ഹോട്ടലിനു നേരെ ആക്രമണം നടന്നത്. ഹോട്ടലിന്‍റെ ചില്ലുകള്‍ തകര്‍ന്നു- “എന്റെ സഹോദരനെ ആള്‍ക്കൂട്ടം ക്രൂരമായി ആക്രമിച്ചു. ഞാൻ എന്റെ അവകാശമായ ഹിജാബിന് വേണ്ടി നിലകൊണ്ടതിന്‍റെ പേരിലാണിത്. ഞങ്ങളുടെ സ്വത്തുവകകളും ആക്രമിക്കപ്പെട്ടു. എന്തിന്? എനിക്ക് എന്റെ അവകാശം ചോദിക്കാൻ കഴിയില്ലേ? അവരുടെ അടുത്ത ഇര ആരായിരിക്കും? സംഘപരിവാർ ഗുണ്ടകൾക്കെതിരെ നടപടിയെടുക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു”- ഉഡുപ്പി പൊലീസിനെ ടാഗ് ചെയ്താണ് വിദ്യാര്‍ഥിനിയുടെ ട്വീറ്റ്.

അക്രമി സംഘത്തില്‍ 20-30 പേർ ഉണ്ടായിരുന്നുവെന്ന് മാല്‍പെ പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പലരും ആക്രമിക്കപ്പെട്ടയാളുടെ പരിചയക്കാരാണ്. അവര്‍ ആ ഹോട്ടലില്‍ വരാറുണ്ടായിരുന്നു. ഹിജാബ് വിഷയത്തില്‍ പരാതിക്കാരിയുടെ പിതാവ് പ്രതികരിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തിയ അക്രമിസംഘം ഹോട്ടലിനു നേരെ കല്ലെറിയുകയും പരാതിക്കാരിയുടെ സഹോദരനെ മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. മൂന്ന് പേർക്കെതിരെയാണ് നിലവില്‍ പൊലീസ് കേസെടുത്തത്.

ഹിജാബ് വിലക്കിനെതിരെ അഞ്ചു പേരാണ് കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഹരജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് ആക്രമണം. ഹിജാബ് ഒഴിച്ചുകൂടാനാവാത്ത മതാചാരമല്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഹരജി നല്‍കിയവരുടെ പേരുവിവരങ്ങള്‍ നേരത്തെ ബി.ജെ.പിയുടെ കര്‍ണാടകയിലെ പ്രസിഡന്‍റ് ട്വീറ്റ് ചെയ്തിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here