‘പ്രചോദനം സന ഖാൻ, ഇനി ഞാനും ഹിജാബ് ധരിക്കും’; ഫാഷന്‍ ലോകം വിടുന്നതായി ബിഗ്‌ബോസ് താരം

0
274

അഭിനയം ഉപേക്ഷിച്ച ബോളിവുഡ് മുൻ താരം സന ഖാന്റെ പാത പിന്തുടരുകയാണെന്ന് നടിയും ബിഗ് ബോസ് മത്സാർത്ഥിയുമായ മെഹ്ജബി സിദ്ദീഖി. ഒരു വർഷമായി സന ഖാൻ തന്റെ ജീവിതത്തിലെ പ്രചോദനമാണെന്നും ഇനി മുതൽ ഹിജാബ് ധരിക്കുമെന്നും മെഹ്ജബി വ്യക്തമാക്കി. എന്റർടൈൻമെന്റ് കരിയർ ഉപേക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

‘രണ്ടു വർഷമായി ഞാൻ ഏറെ വിഷമിക്കുകയാണ്. സുഖമായിരിക്കാൻ എന്തു ചെയ്യണം എന്നതിൽ ഒരു ധാരണയുമില്ലായിരുന്നു. ഒരാൾ പാപം ചെയ്താൽ പാപത്തിന്റെ അപമാനം ചെറിയ സമയത്തിനുള്ളിൽ അവസാനിക്കും. എന്നാൽ മോശം പ്രവൃത്തികൾ വിധി വരെ അവശേഷിക്കുന്നു. യഥാർത്ഥ ജീവിതം മറന്ന് നശ്വരമായ ജീവിതത്തിലായിരുന്നു ഞാനെന്ന് ഇപ്പോൾ തിരിച്ചറിയുന്നു’- മെഹ്ജബി കുറിച്ചു.

ദൈവത്തെ അനുസരിക്കുകയാണ് മനുഷ്യന്റെ കടമയെന്നും അവർ എഴുതി. ‘അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ച് മനുഷ്യന് വിശ്രമം ലഭിക്കില്ല. മനുഷ്യരെ എത്ര ആനന്ദിപ്പിക്കാൻ ശ്രമിച്ചാലും എത്ര സമയം കൊടുത്താലും ആളുകൾ നിങ്ങളെ ഒരിക്കലും അഭിനന്ദിക്കില്ല. അല്ലാഹുവിനെ പ്രീതിപ്പെടുത്താൻ സമയം ചെലവഴിക്കുന്നതാണ് നല്ലത്. അത് നിങ്ങളെയും എന്നെയും മികച്ചതാക്കുന്നു.’- അവർ കൂട്ടിച്ചേർത്തു.

സന ഖാൻ തന്റെ ജീവിതത്തെ പ്രചോദിപ്പിച്ചതിനെ കുറിച്ച് ബിഗ്‌ബോസ് താരം പറയുന്നതിങ്ങനെ; ‘ഒരു വർഷമായി ഞാൻ സനഖാനെ പിന്തുടരുന്നുണ്ട്. അവരുടെ വാക്കുകൾ ഇഷ്ടമാണ്. അവരുടെ വീഡിയോ കാണുന്നത് എന്നിലെ മതത്തെ ഉണർത്തി’.

‘അല്ലാഹുവോട് പശ്ചാത്തപിച്ച് മടങ്ങിയതിലൂടെ എനിക്ക് ലഭിച്ച സന്തോഷം വാക്കുകളിൽ വിവരിക്കാനാവില്ല. അല്ലാഹുവിനെ ആരാധിച്ചതിലൂടെയാണ് എനിക്ക് ആഹ്ലാദം ലഭിച്ചത്. എല്ലായ്‌പ്പോഴും ഹിജാബ് ധരിക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ പാപങ്ങൾ ദൈവം പൊറുക്കട്ടെ. നേർമാർഗത്തിലൂടെ സഞ്ചരിക്കാനുള്ള ശക്തി നൽകട്ടെ.’ – അവർ കൂട്ടിച്ചേർത്തു.

സൽമാൻ ഖാൻ ആതിഥേയനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 11-ാം സീസണിലെ മത്സരാർത്ഥിയായിരുന്നു മെഹ്ജബി സിദ്ദീഖി. 2020 ഒക്ടോബറിലാണ് പ്രമുഖ ബോളിവുഡ് നടി കൂടിയായിരുന്ന ബിഗ് ബോസ് താരം സന ഖാൻ എന്റർടൈൻമെന്റ് മേഖലയിൽ നിന്ന് പിൻവാങ്ങിയത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here