ഇനി കടകൾ അടക്കാൻ പറഞ്ഞാൽ തയാറാകില്ല -വ്യാപാരി വ്യവസായി ഏകോപന സമിതി

0
170

കോഴിക്കോട്: ഒമിക്രോണിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങള്‍ മാത്രം അടച്ചിടാന്‍ പറഞ്ഞാല്‍ വ്യാപാരികള്‍ അംഗീകരിക്കില്ലെന്ന് കേരള വ്യാപാര വ്യവസായി ഏകോപന സമിതി.

കൊവിഡ് പ്രതിരോധത്തിന് വേണ്ടി അടച്ചിട്ട കാലത്തെ നികുതി, വാടക, ബാങ്ക് വായ്പ എന്നിവ അടക്കാനാവാതെ ആത്മഹത്യ ചെയ്ത വ്യാപരികളെ സര്‍ക്കാര്‍ ഓര്‍ക്കണമെന്ന് കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. യൂത്ത വിങ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൊവിഡിനെ പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ ആവശ്യമുള്ളപ്പോള്‍ രാഷ്ട്രീയ സമ്മേളനങ്ങളും വലിയ ആള്‍ക്കൂട്ട ജാഥകളും നടത്തി കൊവിഡ് മൂന്നാം തരംഗത്തെ ക്ഷണിച്ചുവരുത്തുകയാണെന്നും കൊവിഡിന്റെ പേരില്‍ കടകളും വ്യപാര സ്ഥാപനങ്ങളും അടച്ചിടാന്‍ തയ്യാറല്ലെന്നും വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന് വെള്ളിയാഴ്ച്ച അവലോകന യോഗം ചേരും.

യോഗത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ പുനര്‍ചിന്തനം വേണമെന്ന് പറഞ്ഞാല്‍ ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.നിലവില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുമ്പോഴും വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ല.

എന്നിരുന്നാലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പരീക്ഷ നടത്തിപ്പും, സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് കൊവിഡ് അവലോകന യോഗം ചേരുന്നത്.

തിങ്കളാഴ്ചയാണ് കൊവിഡ് അവലോകന യോഗം അവസാനം ചേര്‍ന്നത്. സ്‌കൂളുകള്‍ അടയ്ക്കുക, വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ തീരുമാനിച്ചിരുന്നില്ല. അതേസമയം സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here