ഒമിക്രോൺ വ്യാപനം; ജനുവരി 1 മുതല്‍ ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 37% കുറഞ്ഞു

0
191

2022 ജനുവരി 1 മുതല്‍ ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുട എണ്ണം 37 ശതമാനം കുറഞ്ഞു. പ്രതിദിനം രണ്ട് ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇപ്പോള്‍ വിമാനയാത്ര നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ കണക്കുകള്‍ക്ക് സമാനമാണ് നിലവിലെ സ്ഥിതി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 30 ശതമാനം കുറവുണ്ടാകുമെന്നാണ് വ്യോമയാന നിരീക്ഷകരുടെ വിലയിരുത്തല്‍.

വ്യോമയാന ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ജനുവരി 11ന് പ്രതിദിന യാത്രക്കാരുടെ എണ്ണം 1.8 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ഇടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 2021 നവംബര്‍ 6 മുതല്‍ ജനുവരി 3 വരെ പ്രതിദിനം 3 ലക്ഷത്തിലധികം യാത്രക്കാര്‍ ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്.

കഴിഞ്ഞ നവംബറില്‍ ഇന്ത്യ ആഭ്യന്തര വിമാനയാത്രയിൽ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ഇടിവ്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനം കോവിഡ് നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു. 2021 നവംബറിൽ ഇന്ത്യയിൽ ആഭ്യന്തര വിമാന യാത്രക്കാരുടെ തിരക്ക് വര്‍ധിക്കാനും ഇത് ഇടയാക്കി. കൂടാതെ, അവധിക്കാലവും യാത്രക്കാരുടെ എണ്ണം വർധിക്കാൻ ഇടയാക്കി.

വാക്‌സിനേഷന്‍ പ്രക്രിയയും വര്‍ധിച്ചു വരുന്ന സാമ്പത്തിക പ്രവര്‍ത്തനവും ആ സമയത്ത് യാത്രകളുടെ വർദ്ധനവിന് പിന്തുണ നൽകി. അതിനാൽ, 2020 നവംബറിലേതിനെ അപേക്ഷിച്ച് യാത്രാ നിരക്ക് 64.5 ശതമാനം ഉയരുകയും ചെയ്തു. എന്നാൽ, 2019 നവംബറിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 17.1 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

അതേസമയം, കോവിഡ് 19 കേസുകളുടെ വര്‍ധനവിന്റെ പശ്ചാത്തലത്തിൽ 20 ശതമാനം വിമാനങ്ങള്‍ പിന്‍വലിക്കുമെന്ന് ഇന്‍ഡിഗോ ഞായറാഴ്ച അറിയിച്ചു. മാര്‍ച്ച് 31 വരെയുള്ള യാത്രയ്ക്കായി ജനുവരി 31ന് മുമ്പ് നടത്തിയ എല്ലാ ബുക്കിംഗുകളിലും സൗജന്യമായി മാറ്റം വരുത്താൻ അനുവദിക്കുമെന്ന് എയര്‍ലൈന്‍ വാഗ്ദാനം ചെയ്തു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വിവിധ എയര്‍ലൈനുകളില്‍ സീറ്റുകളുടെ എണ്ണം 55% മുതല്‍ 70% വരെയായി കുറഞ്ഞു.

ഒമിക്രോണ്‍ കേസുകളുടെ പെട്ടെന്നുള്ള വർദ്ധനവ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തി. ജനുവരിയിലെ ആദ്യ ഏഴ് ദിവസങ്ങളില്‍ കഴിഞ്ഞ മാസത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 16% കുറവുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here