തലപ്പാടിയിൽ ഇളവില്ല, നിയന്ത്രണങ്ങൾ തുടരും; കെഎസ്ആർടിസിക്ക് പ്രതിദിന കലക്ഷൻ നഷ്ടം 60,000 രൂപ

0
333

തലപ്പാടി: കോവിഡ് കേസുകൾ വർധിച്ചതിനാൽ കേരള അതിർത്തിയിലെ പരിശോധനയിൽ ഇളവു വരുത്താതെ കർണാടക. ഇന്നു മുതൽ അതിർത്തിയിൽ രാത്രിയിൽ ഉൾപ്പെടെ പരിശോധന നടത്തും. കഴിഞ്ഞ ദിവസത്തെ സമാനമായ സാഹചര്യമായിരുന്നു ഇന്നലെയും. ചെക്ക് പോസ്റ്റിൽ വാഹനങ്ങളെല്ലാം തടഞ്ഞു പരിശോധിച്ചു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമില്ലാതിരുന്ന യാത്രക്കാരെ കർണാടക ഭാഗത്തെ സാംപിൾ കലക്ഷൻ സെന്ററിലേക്കയച്ചു സാംപിൾ ശേഖരിച്ച ശേഷം പോകാൻ അനുവദിച്ചു.

കേരള, കർണാടക ബസുകളിലെ യാത്രക്കാരെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ പേരിൽ അധികൃതർ പ്രയാസപ്പെടുത്തിയില്ല. എന്നാൽ സ്വകാര്യ വാഹനങ്ങളെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയില്ല. കർണാടകയിൽ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 2 ഡോസ് വാക്സീനെടുത്താൽ മാത്രമേ ഓഫിസിൽ പ്രവേശനമുള്ളു.

എ.കെ.എം.അഷ്‌റഫ്‌ എംഎൽഎ ഗവർണറെയും മുഖ്യമന്ത്രിയെയും കണ്ടു

തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞിട്ടും ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നു കർണാടകയിലേക്കുള്ള യാത്രക്കാർക്കു വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ നടപടികളിൽ  ഇടപെടണമെന്നാവശ്യപ്പെട്ടു മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്‌റഫ്‌ കേരള ഗവർണറെയും മുഖ്യമന്ത്രിയെയും കണ്ടു നിവേദനം നൽകി.കാസർകോട്ടെ പ്രത്യേകിച്ച് മഞ്ചേശ്വരത്തെ ജനങ്ങൾ വിദ്യാഭ്യാസ-ആരോഗ്യ-വ്യാപാര ആവശ്യങ്ങൾക്കു കാലങ്ങളായി മംഗളൂരു നഗരത്തെയാണ്‌ ആശ്രയിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.

കോവിഡിന്റെ ആദ്യഘട്ടത്തിൽ ഇതുപോലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ 22 പേരാണു വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചതെന്ന കാര്യവും എംഎൽഎ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾക്കു വിലക്കേർപ്പെടുത്താൻ പാടില്ല എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് മാനിക്കാതെയാണു കർണാടക സർക്കാർ പുതിയ നിയന്ത്രണങ്ങങ്ങൾ ഏർപ്പെടുത്തിയതെന്നും 2 ഡോസ് വാക്സീനെടുത്തവരെ പോലും അതിർത്തി കടക്കാൻ അനുമതി നൽകാത്ത കർണാടക സർക്കാരിന്റെ നടപടിമൂലം ദുരിതത്തിലായ യാത്രക്കാരുടെ കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

കെഎസ്ആർടിസിക്ക് പ്രതിദിന കലക്ഷൻ നഷ്ടം  60,000 രൂപ

മംഗളൂരുവിലേക്കു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണത്തിൽ കുറവ്. മംഗളൂരു സർവീസ് പുനരാരംഭിച്ച സമയത്തെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിദിന കലക്​ഷനിൽ 50,000–60,000 രൂപ കുറവുണ്ടായെന്നു കെഎസ്ആർടിസി അധികൃതർ പറഞ്ഞു. 28 ബസുകൾ 210 സർവീസുകളാണ് ഒരു ദിവസം നടത്തുന്നത്. ഇത്ര തന്നെ സർവീസുകൾ‍ കർണാടക ആർടിസിയും നടത്തുന്നുണ്ട്. തിരക്കേറിയ സമയത്തു പോലും ഇന്നലെ സീറ്റുകൾ നിറഞ്ഞിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here