ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരന് സ്ഥിരീകരിച്ചത് ഒമിക്രോണ്‍ അല്ല; കര്‍ണാടക ആരോഗ്യമന്ത്രി

0
241

ബെംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ഒരു യാത്രക്കാരന് ഡെല്‍റ്റയില്‍ നിന്ന് വ്യത്യസ്തമായ കൊവിഡ് സ്ഥിരീകരിച്ചതായി കര്‍ണാടക ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ അറിയിച്ചു. ഒമിക്രോണ്‍ സാന്നിധ്യം ഉണ്ടോ എന്ന് സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ആളുകളുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ്ങ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യം സംസ്ഥാനത്തെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇവരില്‍ ഒരാള്‍ക്ക് ഡെല്‍റ്റ വകഭേദം കണ്ടെത്തിയിരുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടു വരികയാണെന്ന് മന്ത്രി പറഞ്ഞു.

‘കഴിഞ്ഞ ഒമ്പത് മാസമായി ഡെല്‍റ്റ വേരിയന്റാണ് ഉള്ളത്, എന്നാല്‍ സാമ്പിളുകളില്‍ ഒന്ന് ഒമിക്രോണ്‍ ആണെന്നാണ് പറയുന്നത്. അതിനെക്കുറിച്ച് എനിക്ക് ഔദ്യോഗികമായി പറയാന്‍ കഴിയില്ല. ഞാന്‍ ഐ.സി.എം.ആറുമായും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്നുണ്ട്,’ ഡോ. സുധാകര്‍ പറഞ്ഞു.

ഒമിക്രോണ്‍ വകഭേദത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീനോമിക് സീക്വന്‍സിങ്ങിന് ശേഷം ഒമിക്രോണിനെ സംബന്ധിച്ച് ഡിസംബര്‍ ഒന്നോടെ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നും അതിനനുസരിച്ച് എല്ലാ നടപടികളും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ ജോലി ചെയ്യുന്ന തന്റെ മുന്‍ സഹപാഠികളുമായി പുതിയ വകഭേദത്തെ കുറിച്ച് സംസാരിച്ചതായി മെഡിക്കല്‍ പ്രൊഫഷണല്‍ കൂടിയായ മന്ത്രി പറഞ്ഞു.

‘ദക്ഷിണാഫ്രിക്കയിലെ എന്റെ സഹപാഠികളോട് സംസാരിച്ചതിന് ശേഷം ഞാന്‍ കണ്ട തൃപ്തികരമായ കാര്യം, ഇത് അതിവേഗം പടരുന്നുണ്ടെങ്കിലും, പക്ഷേ ഇത് ഡെല്‍റ്റ പോലെ അത്ര അപകടകരമല്ല. ആളുകള്‍ക്ക് ഓക്കാനം, ഛര്‍ദ്ദി എന്നിവ അനുഭവപ്പെടുന്നു, ചിലപ്പോള്‍ നാഡിമിടിപ്പ് വര്‍ദ്ധിക്കുന്നു,രുചിയും മണവും നഷ്ടപ്പെടുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഡോ. സുധാകര്‍ ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരുമായി യോഗം വിളിച്ചിട്ടുണ്ട്.
ലോക്ക്ഡൗണിനെ കുറിച്ച് ഇപ്പോള്‍ സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്നും സര്‍ക്കാരിന് മുമ്പാകെ ഇത്തരമൊരു നിര്‍ദ്ദേശം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഡോ.സുധാകര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here