ഒമിക്രോണിനെ നേരിടാൻ ഇപ്പോൾ ലോക്ക്‌ഡൗൺ വേണ്ട, കൂടുതൽ രാജ്യങ്ങളിൽ രോഗബാധ

0
270

ന്യൂയോർക്ക്: കൊവി‌ഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയുയർത്തുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ടതില്ലെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ. വാക്സിൻ സ്വീകരിക്കുന്നതിലൂടെയും മാസ്ക് ധരിക്കുന്നതിലൂടെയും രോഗബാധ നിയന്ത്രണവിധേയമാക്കാമെന്നും അതിനാൽ നിലവിൽ ലോക്ക്‌ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഒമിക്രോൺ വടക്കേ അമേരിക്കയിലും സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ജോ ബൈഡൻ. ഈ പശ്ചാത്തലത്തിൽ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ വാക്സിൻ നിർമാതാക്കളുമായി കൂടിയാലോചനകൾ നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. ദക്ഷിണാഫ്രിക്കയ്ക്കും മറ്റ് ഏഴ് രാജ്യങ്ങൾക്കും യു എസ് ഏർപ്പെടുത്തിയ യാത്രാ വിലക്ക് കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നു. ആളുകൾക്ക് വാക്സിനേഷനുള്ള സമയം അനുവദിക്കുന്നതിനായാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിലവിൽ ഒമിക്രോൺ യു എസിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇതിനോടകം തന്നെ രാജ്യത്ത് വൈറസ് സാന്നിധ്യം ഉണ്ടാകാമെന്ന് യു എസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗസി അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ യാത്രാ നിയന്ത്രണങ്ങളും കർശന പരിശോധനകളും തുടരുമെന്ന് സർക്കാർ അറിയിച്ചു. ഒമിക്രോണിനെതിരെ ഏവരും അതീവ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നൽകി.

 

LEAVE A REPLY

Please enter your comment!
Please enter your name here