മുസ്‌ലിം സമുദായത്തെ തകർക്കാൻ എ.കെ.ജി സെന്ററിൽ സെൽ പ്രവർത്തിക്കുന്നു: മുസ്‌ലിം ലീഗ്

0
168

മുസ്‍ലിം സമുദായത്തെ തകർക്കാൻ എ.കെ.ജി സെന്ററിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നു എന്നാണ് മനസ്സിലാകുന്നതെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. വഖഫ് സ്ഥാപനങ്ങളിലേക്കുള്ള ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് പി.എസ്.സിക്കു വിട്ടുകൊണ്ടുള്ള സർക്കാർ തീരുമാനം വർഗീയ നീക്കമാണെന്നും, ബോർഡിലേക്ക് പി.എസ്.സി വഴി മുസ്‍ലിംകളെ മാത്രം തെരഞ്ഞെടുക്കുക എന്നത് നിയമപരമായി നിലനിൽക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‍ലിം സമുദായത്തോടു മാത്രം സർക്കാർ വിവേചനം കാണിക്കുകയാണെന്നും വഖഫ് സ്ഥാപനങ്ങളുടെ നിയന്ത്രണം മുസ്‍ലിംകൾക്ക് നഷ്ടപ്പെടാൻ കാരണമാകുന്ന നീക്കമാണ് സർക്കാർ ധൃതിപ്പെട്ട് നടത്തിയത്. ഇക്കാര്യം ചർച്ചചെയ്ത് തുടർനടപടികൾ സ്വീകരിക്കാൻ നവംബർ 20-ന് കോഴിക്കോട്ട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മതസംഘടനകളെ ഇതിലേക്ക് സ്വാഗതം ചെയ്യുന്നതായും സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പതിനായിരത്തിലേറെ തൊഴിലവസരങ്ങളുള്ള ദേവസ്വം ബോർഡ് എന്തുകൊണ്ടാണ് പി.എസ്.സിക്ക് വിടാത്തത്? ദേവസ്വത്തിന് പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡാണുള്ളത്. അതുപോലെ വഖഫ് ബോർഡിനും ഉണ്ടാക്കിക്കൂടേ? വഖഫിന് റിക്രൂട്ട്‌മെന്റ് ബോർഡ് വേണമെന്ന നിലപാടാണ് മുസ്‍ലിം ലീഗും സഖ്യകക്ഷിയായ കോൺഗ്രസും നിയമസഭയിൽ സ്വീകരിച്ചിട്ടുള്ളത്. നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതോടെ വഖഫ് ബോർഡിനു കീഴിലുള്ള പള്ളികളും മദ്രസകളും കൈകാര്യം ചെയ്യാൻ വഖഫിനെ പറ്റി അറിയാത്ത, മുസ്‍ലിംകൾ അല്ലാത്തവർ നിയമിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. – പി.എം.എ സലാം പറഞ്ഞു.

പി.എസ്.സി വഴി വഖഫ് ബോർഡിലേക്ക് മുസ്‍ലിംകളെ മാത്രം തെരഞ്ഞെടുക്കാനുള്ള ഒരു വകുപ്പ് സർക്കാർ ചേർത്തിട്ടുണ്ട്. അത് ഒരു ഗൂഢാലോചനയാണ്. സ്‌കോളർഷിപ്പ് വിഷയത്തിൽ സംഭവിച്ച അതേ ഗൂഢാലോചനയാണ് ഇവിടെയും. മുസ്‍ലിംകളോട് എങ്ങനെ വിവേചനപരമായി പെരുമാറാമെന്നും അവരെ എങ്ങനെ തകർക്കാമെന്നും എ.കെ.ജി സെന്ററിൽ ഒരു സെൽ പ്രവർത്തിക്കുന്നു എന്നാണ് ഞങ്ങൾക്ക് മനസ്സിലാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here