ഐസിയുവിലെ കിടക്കയിൽ നിന്ന് റിസ്‌വാനെ കളത്തിലെത്തിച്ചത് മലയാളി ഡോക്ടർ

0
235

ടി20 ലോകകപ്പ് സെമിഫൈനലിൽ പാക് ടീമിന് ബാറ്റുകൊണ്ട് കരുത്ത് പകരാൻ മുഹമ്മദ് റിസ്‌വാൻ എത്തിയത് ഐസിയു കിടക്കയിൽ നിന്നായിരുന്നു. തൊണ്ടയിലെ അണുബാധയെ തുടർന്ന് മത്സരത്തിന്റെ രണ്ട് ദിവസം മുൻപ് ദുബായ് വിപിഎസ് മെഡിയോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിസ്‌വാനെ ചികിത്സിച്ചത് മലയാളി ഡോക്ടറായ ഡോ. സഹീർ സൈനുലാബ്ദീനാണ്. തിരുവനന്തപുരം സ്വദേശിയായ ഡോ. സഹീർ സൈനുലാബ്ദീൻ ശ്വാസകോശരോഗ വിദഗ്ധനാണ്.

തൊണ്ടയിലെ അണുബാധ ശ്വാസനാളത്തെയും അന്നനാളത്തെയും ബാധിച്ചതാണെന്നും ഭേദമാകാൻ ഒരാഴ്ച വരെ സമയമെടുക്കുന്ന രോഗാവസ്ഥ രണ്ടുദിനം കൊണ്ടു മറികടന്നാണു റിസ്വാൻ ടീമിനൊപ്പം ചേർന്നതെന്ന് ഡോ. സഹീർ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ ഓപ്പണറായി ഇറങ്ങി പാക്ക് ടീമിലെ ടോപ് സ്‌കോററുമായി. ‘എനിക്ക് ടീമിനൊപ്പം ചേർന്നു കളിക്കണം..’ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുമ്പോഴും പാക്ക് താരം മുഹമ്മദ് റിസ്‌വാൻ ഇതാണ് പറഞ്ഞു കൊണ്ടിരുന്നതെന്നും ഡോ. സഹീർ പറഞ്ഞു. തന്നെ പരിചരിച്ച ഡോ.സഹീറിന് കയ്യൊപ്പിട്ട ജഴ്‌സി മുഹമ്മദ് റിസ്വാൻ സമ്മാനിച്ചിരുന്നു.

കടുത്ത ആരോഗ്യപ്രശ്നം പരിഗണിക്കാതെ രാജ്യത്തിനായി ബാറ്റേന്തിയ റിസ്വാനെ പ്രശംസിച്ച് നിരവധി പ്രമുഖർ ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here