ബംഗ്ലാ ബാറ്റ്‌സ്മാന് നേരെ അപകടകരമായ ത്രോ; ഷഹീന്‍ അഫ്രീദിക്കെതിരെ രൂക്ഷവിമര്‍ശനം, വീഡിയോ

0
343

പാകിസ്ഥാന്‍- ബംഗ്ലാദേശ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാക് ടീം എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ മത്സരത്തിനിടെ ബംഗ്ലാദേശ് ബാറ്റ്സ്മാന് നേര്‍ക്ക് പാക് സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി എറിഞ്ഞ ഒരു അപകടകരമായ ത്രോ ചര്‍ച്ചയാവുകയാണ്. അഫ്രീദിയുടെ ത്രോയില്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന്‍ അഫീഫ് ഹൊസെയ്ന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

രണ്ടാം ടി20യില്‍ ബംഗ്ലാദേശ് ഇന്നിങ്സിലെ മൂന്നാമത്തെ ഓവറിലാണ് സംഭവം. ഇവിടെ ഷഹീന്‍ അഫ്രീദിയുടെ പന്ത് അഫീഫ് പ്രതിരോധിച്ചിട്ടു. പന്ത് നേരെ വന്നത് ഷഹീന്റെ കൈകളിലേക്ക്. ഈ സമയം ക്രീസ് ലൈനിന് ഉള്ളില്‍ നില്‍ക്കുകയായിരുന്ന അഫീഫിന്റെ നേര്‍ക്ക് ഷഹീന്‍ പന്ത് തിരിച്ചെറിഞ്ഞു. പന്ത് കൊണ്ട് അഫീഫ് വീഴുകയും ചെയ്തു.

തൊട്ടു മുന്‍പത്തെ ഡെലിവറിയില്‍ ഷഹീനെതിരെ അഫീഫ് സിക്സ് പറത്തിയിരുന്നു. ഷഹീന്‍ അഫ്രീദി ഇവിടെ നിയന്ത്രണം വിട്ട് അഫീഫിന്റെ നേര്‍ക്ക് പന്തെറിയുകയായിരുന്നു എന്ന വിമര്‍ശനം ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. അഫീഫിന്റെ അടുത്തേക്ക് ഉടനെ തന്നെ എത്തിയ ഷഹീന്‍ ക്ഷമ ചോദിക്കുകയും ചെയ്തു.

പിന്നീട് ഫിസിയോ വന്ന് പരിശോധിച്ചതിന് ശേഷമാണ് അഫീഫ് കളി തുടര്‍ന്നത്. ഒടുവില്‍ 21 പന്തില്‍ നിന്ന് 20 റണ്‍സ് നേടി നില്‍ക്കെ അഫീഫിനെ ലെഗ് സ്പിന്നര്‍ ശദാബ് ഖാന്‍ മടക്കി. രണ്ടാം ടി20യില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ 20 ഓവറില്‍ 108 റണ്‍സ് മാത്രമാണ് അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പര പാകിസ്ഥാന്‍ സ്വന്തമാക്കുകയും ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here