50 വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് പണിത് സമർപ്പിച്ച ക്ഷേത്രത്തിലെത്തി, പൂജയിൽ പങ്കെടുത്ത് മുസ്ലിം സ്ത്രീ

0
311

വിവിധ സംസ്കാരങ്ങളും, വിശ്വാസങ്ങളും ഇഴചേർന്ന ഒരു സമൂഹമാണ് നമ്മുടേത്. അതിനൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം കർണാടകയിലുണ്ടായ സംഭവം. നവരാത്രിയോട് അനുബന്ധിച്ച് രാജ്യത്തെ ദേവി ക്ഷേത്രങ്ങളിലെല്ലാം പ്രത്യേകം പൂജകളും, അലങ്കാരങ്ങളും നടന്നു വരികയാണ്. ഇതിനിടയിൽ കർണാടകയിലെ ശിവമോഗയിലെ സാഗർ നഗരത്തിലെ ഒരു ക്ഷേത്രത്തിൽ ഒരു മുസ്ലീം സ്ത്രീ എത്തി പ്രത്യേക പൂജയിൽ പങ്കെടുക്കുകയുണ്ടായി.

ആ സ്ത്രീയുടെ പേര് ഫമീദ എന്നാണ്. പല അമ്പലങ്ങൾ ഉണ്ടായിട്ടും അവർ എന്തിന് ഇവിടെ തന്നെ വന്നുവെന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും? അവർ ഈ ക്ഷേത്രത്തിൽ വരാൻ വ്യക്തമായ ഒരു കാരണമുണ്ട്. ഈ ക്ഷേത്രം പണിതത് അവരുടെ ഭർത്താവാണ്. അവരുടെ ഭർത്താവ് ഒരു റെയിൽവേ ജീവനക്കാരനായിരുന്നു. 50 വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഈ ഭഗവതി ക്ഷേത്രം നിർമ്മിക്കുകയും, അത് ഹിന്ദു സമൂഹത്തിന് കൈമാറുകയുമായിരുന്നു. ഇബ്രാഹിം ഷെരിഫ് എന്നാണ് അദ്ദേഹത്തിന്റെ പേര്.

ഒരു ദിവസം തന്റെ ഭർത്താവിന് സ്വപ്നത്തിൽ ദേവിയുടെ ദർശനം ലഭിച്ചെന്നും, സ്വപ്നത്തിൽ ദേവി അദ്ദേഹത്തോട് ഒരു ക്ഷേത്രം പണിയാൻ നിർദ്ദേശിക്കുകയും ആയിരുന്നുവെന്ന് അവർ പറഞ്ഞു. പിന്നീട് ക്ഷേത്രം പണിത അദ്ദേഹം വീട്ടിൽ നമസ്സും, ക്ഷേത്രത്തിൽ പൂജയും ചെയ്യുകയായിരുന്നു. ക്ഷേത്രനിർമ്മാണത്തിനായി റെയിൽവേ തന്റെ ഭർത്താവിന് ഭൂമി നൽകിയതായും സ്ത്രീ പറഞ്ഞു. തന്റെ ഭർത്താവ് രണ്ട് വർഷം മുമ്പ് മരിച്ചുപോയെങ്കിലും കുടുംബാംഗങ്ങളും മറ്റ് ബന്ധുക്കളും പ്രത്യേക പൂജകൾക്കായി ഇപ്പോഴും ക്ഷേത്രത്തിൽ എത്താറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here