കോണ്‍ഗ്രസിനോട് തൊട്ടു കൂടായ്മയില്ല; മുഖ്യശത്രുവിനെ ഇല്ലാതാക്കാന്‍ സഹകരണമാകാം: സീതാറാം യെച്ചൂരി

0
213

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മയില്ലെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നതാണ് തങ്ങളുടെ മുഖ്യലക്ഷ്യമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പോളിറ്റ് ബ്യൂറോ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മയുണ്ടോയെന്ന ചോദ്യത്തിന് അത് തമിഴ്‌നാട്, അസം തെരഞ്ഞെടുപ്പുകളില്‍ നിങ്ങള്‍ കണ്ടതല്ലേയെന്ന് യെച്ചൂരി പ്രതികരിച്ചു. ബി.ജെ.പിക്കെതിരായ വോട്ടുകള്‍ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുക. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
ഇടതുപക്ഷ ആശയങ്ങളില്‍ ഊന്നിയുള്ള പ്രതിപക്ഷ ഐക്യത്തിനു ശ്രമിക്കും. സി.പി.എമ്മിന്റെ സ്വതന്ത്ര രാഷ്ട്രീയ ഇടപെടലുകള്‍ക്കുള്ള കരുത്ത് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും യെച്ചൂരി വിശദീകരിച്ചു.

ലേഖിംപൂര്‍ ക്രൂരതയ്ക്ക് ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ടാറ്റയ്ക്കുള്ള മോദി സര്‍ക്കാരിന്റെ സമ്മാനമാണ് എയര്‍ ഇന്ത്യ. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മ മൂലം ജനം ഉയര്‍ന്ന വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ട ഗതികേടിലെത്തിയിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി ഏഴാം ദിവസവും കൂടി. കൊവിഡ് പ്രതിസന്ധി കൊണ്ടുതന്നെ ജനം നട്ടംതിരിഞ്ഞിരിക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ കേന്ദ്ര എക്സൈസ് നികുതി അടിയന്തരമായി പിന്‍വലിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here