ടി20 ലോകകപ്പ്: റോണോ മോഡല്‍! കോക്ക കോള കുപ്പി മാറ്റി ഡേവിഡ് വാര്‍ണര്‍, ഉടനടി വമ്പന്‍ ട്വിസ്റ്റ്-വീഡിയോ

0
321

ദുബായ്: ടി20 ലോകകപ്പിലെ വാർത്താസമ്മേളനത്തിനിടെ കോക്ക കോള കുപ്പി എടുത്തുമാറ്റി ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. ശ്രീലങ്കക്കെതിരായ മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് സംഭവം.

മേശയിൽ പരസ്യത്തിനായി വച്ചിരുന്ന കോള കുപ്പി വന്നയുടനെ തന്നെ ഡേവിഡ് വാർണർ മാറ്റുകയായിരുന്നു. എന്നാല്‍ തിരികെ മേശയിൽ തന്നെ വെക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ഇതോടെ വാർണർ കോള കുപ്പി തിരികെ വെക്കുകയായിരുന്നു. കഴിഞ്ഞ യൂറോ കപ്പിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്തരത്തിൽ കൊക്കോക്കോള കുപ്പി എടുത്തുമാറ്റിയിരുന്നു. ഓഹരി വിപണിയിൽ ഉൾപ്പെടെ കനത്ത നഷ്‌ടമാണ് കൊക്ക കോള കമ്പനിക്ക് അന്നുണ്ടായത്.

ബാറ്റിംഗില്‍ വാര്‍ണര്‍ ഹീറോ

മത്സരത്തില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ ടൂര്‍ണമെന്‍റില്‍ രണ്ടാം ജയം സ്വന്തമാക്കി. ശ്രീലങ്ക മുന്നോട്ടുവെച്ച 155 റൺസിന്‍റെ വിജയലക്ഷ്യം മൂന്ന് ഓവർ ബാക്കിനിൽക്കെ മറികടന്നു. 65 റൺസെടുത്ത ഓപ്പണര്‍ ഡേവിഡ് വാർണറുടെ ബാറ്റിംഗാണ് ഓസീസിന് അനായാസ ജയം സമ്മാനിച്ചത്. നായകന്‍ ആരോണ്‍ ഫിഞ്ച് 37 റണ്‍സെടുത്തപ്പോള്‍ സ്റ്റീവ് സ്‌മിത്ത് 28 ഉം മാര്‍ക്കസ് സ്റ്റോയിനിസ് 16 ഉം റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിലാണ് 154ൽ എത്തിയത്. 35 റൺസ് വീതമെടുത്ത കുശാൽ പെരേരയും അസലങ്കയുമായിരുന്നു ടോപ് സ്കോറർമാർ. ഭാനുക രജപക്‌സെ 33 റണ്‍സ് നേടി. ഓസീസിനായി മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ആദം സാംബയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സാംപയാണ് കളിയിലെ താരം.

അന്ന് റോണോ ഉയര്‍ത്തിവിട്ട വിവാദം 

കഴിഞ്ഞ യൂറോ കപ്പില്‍ പോര്‍ച്ചുഗലിന്‍റെ ആദ്യ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിനിടെ കോക്ക കോള കുപ്പികള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ എടുത്തുമാറ്റിയത് അന്ന് വലിയ ചര്‍ച്ചയായിരുന്നു. യൂറോയുടെ ഔദ്യോഗിക സ്‌‌പോണ്‍സര്‍മാരുടെ ഉല്‍പന്നങ്ങള്‍ കളിക്കാര്‍ എടുത്തുമാറ്റുന്നതിനെ വിമര്‍ശിച്ച് യുവേഫ ഇതിന് പിന്നാലെ രംഗത്തെത്തി. മേശപ്പുറത്തിരുന്ന കോക്ക കോള കുപ്പികൾ എടുത്തുമാറ്റി പകരം വെള്ളക്കുപ്പികൾ വയ്‌ക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെയ്‌തത്.

പിന്നാലെ കോക്ക കോളയുടെ വിപണി മൂല്യത്തിൽ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. വാർത്താസമ്മേളനത്തിനിടെ ഫ്രഞ്ച് സൂപ്പര്‍താരം പോൾ പോഗ്‌ബ മേശപ്പുറത്തിരുന്ന ഹെനികെയ്‌നിന്റെ ബിയർ കുപ്പി എടുത്തുമാറ്റിയതും ചര്‍ച്ചയായി. ഇറ്റാലിയൻ താരം ലോക്കാടെല്ലിയും വാര്‍ത്താസമ്മേളനത്തിനിടെ കോക്ക കോള കുപ്പി മേശപ്പുറത്തുനിന്ന് മാറ്റിവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here