ഒന്നര വയസുകാരിയെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നതെന്ന് അമ്മ; കൊലക്കുറ്റത്തിന് കേസ്

0
339

കണ്ണൂർ പാത്തിപ്പാലത്ത് ഒന്നരവയസുകാരി പുഴയിൽ വീണ് മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. തന്നെയും കുഞ്ഞിനെയും ഭർത്താവ് പുഴയിൽ തള്ളിയിട്ടതാണെന്ന് അമ്മ സോന പൊലീസിന് മൊഴി നൽകി. പുഴയിൽ വീണ ഇരുവരെയും നാട്ടുകാർ കരയ്ക്കെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ആദ്യം അപകടമെന്ന കരുതിയെങ്കിലും അമ്മയുടെ മൊഴി വന്നതോടെ കൊലപാതകമാണെന്ന് വ്യക്തമായി.

തലശ്ശേരി കുടുംബകോടതി ജീവനക്കാരൻ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുമാണ് ഈസ്റ്റ് കതിരൂർ എൽ.പി. സ്‌കൂൾ അധ്യാപികയായ ഭാര്യ സോനയെയും ഒന്നര വയസ്സുകാരിയായ അൻവിതയെയും പുഴയിലേക്ക് തള്ളിയിട്ടത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.

മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയതെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. പാത്തിപ്പാലം വള്ള്യായി റോഡിൽ ജല അതോറിറ്റി ഭാഗത്തെ പുഴയിൽ വീണ നിലയിലാണ് സോനയെയും കുഞ്ഞിനെയും കണ്ടത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് മാറ്റി.

വിവരമറിഞ്ഞ് കതിരൂർ, പാനൂർ പോലീസ്, കൂത്തുപറമ്പ്, പാനൂർ അഗ്‌നിരക്ഷാസേന, തലശ്ശേരി എ.സി.പി. വിഷ്ണു പ്രദീപ്, കെ.പി.മോഹനൻ എം.എൽ.എ. തുടങ്ങിയവർ സ്ഥലത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here