ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ബിസിനസ് പൊളിഞ്ഞതാണെന്ന് ഷംസുദ്ദീന്‍ എം.എല്‍.എ; ആളുകളെ വഞ്ചിച്ചിട്ട് ന്യായീകരികരിക്കാന്‍ നാണമില്ലേയെന്ന് മുഖ്യമന്ത്രി

0
308

തിരുവനന്തപുരം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ നിയമസഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിസിനസ് പൊളിഞ്ഞതാണെന്ന മുസ്‌ലിം ലീഗ് എം.എല്‍.എ എന്‍. ഷംസുദ്ദീന്റെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

ആളുകളെ വഞ്ചിച്ചിട്ട് ന്യായീകരികരിക്കരുതെന്നും മുഖ്യമന്ത്രി എന്‍. ഷംസുദ്ദീനോട് പറഞ്ഞു.

മുസ് ലിം ലീഗ് എം.എല്‍.എയായിരുന്ന എം. കമറുദ്ദീന്‍ പ്രതിയായ കേസാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്. കേസില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലായി 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതില്‍ 164 കേസുകളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് കേസ്. എണ്ണൂറോളം പേരില്‍നിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന.

ചെറുവത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചവര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

എണ്ണൂറോളം പേര്‍ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷന്‍ ഗോള്‍ഡിന് ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകള്‍ ജനുവരിയില്‍ അടച്ച് പൂട്ടിയിരുന്നു. എന്നാല്‍, നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കിയില്ല.

പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകര്‍ പരാതി നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here