യാത്രക്കാരുടെ തുപ്പല്‍ കഴുകിക്കളയാന്‍ ഇന്ത്യന്‍ റെയില്‍വെ ഒരു വര്‍ഷം ചെലവഴിക്കുന്നത് 1200 കോടി

0
399

ഇവിടെ തുപ്പരുത് എന്ന് ബോര്‍ഡ് എഴുതി വച്ചാല്‍ അവിടെ തന്നെ തുപ്പുന്നവരാണ് ഭൂരിഭാഗം പേരും. അതുകൊണ്ടു തന്നെയാണ് രാജ്യത്തെ പൊതുഇടങ്ങളും പൊതുഗതാഗത സംവിധാനങ്ങളും പലപ്പോഴും വൃത്തികേടായി കാണപ്പെടുന്നത്. ഇന്ത്യന്‍ റെയില്‍വെയുടെ കാര്യമെടുത്താല്‍ യാത്രക്കാര്‍ പാന്‍മസാലയും വെറ്റിലയുമൊക്കെ മുറുക്കി തുപ്പുന്നത് ഒരു തലവേദനയായിരിക്കുകയാണ്.

ഈ തുപ്പൽ കഴുകിക്കളയാൻ ഇന്ത്യൻ റെയിൽവേ ഒരു വർഷം ചെലവാക്കുന്നത് 1200 കോടി രൂപയാണ്. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലുമെല്ലാം മുറുക്കി തുപ്പുന്നത് കഴുകിക്കളയാനാണ് ഇത്രയും രൂപ ചെലവഴിക്കുന്നത്. ഇതിന്‍റെ കറ ദിവസങ്ങളോളം നിൽക്കുമെന്നതിനാൽ വെള്ളവും കറ ഇളക്കുന്ന ലായനിയുമെല്ലാം ഉപയോഗിച്ച് മണിക്കൂറുകളെടുത്താണ് കഴുകിക്കളയുന്നത്. ഈ പ്രശ്‌നം പരിഹരിക്കാൻ യാത്രക്കാർക്ക് ചെറിയ തുപ്പൽ പാത്രങ്ങൾ നൽകാൻ റെയിൽവേ പദ്ധതിയിട്ടിരിക്കുകയാണ്. അഞ്ചു മുതൽ പത്ത് രൂപയാണ് മണ്ണിൽ പെട്ടെന്ന് അലിയുന്ന തുപ്പൽ പാത്രത്തിന്‍റെ വില. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് ഈ പാത്രങ്ങള്‍.

സ്റ്റേഷനുകളിലെ വെന്‍റിംഗ് മെഷീനിലും കിയോസ്‌കുകളിലുമാണ് ഇത് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് നാഗ്പൂര്‍ ആസ്ഥാനമായുള്ള ഈസി സ്പിറ്റ് എന്ന സ്റ്റാർട്ടപ്പുമായി റെയിൽവേ കരാറിലെത്തിയിട്ടുണ്ട്. വെസ്റ്റേണ്‍,നോര്‍ത്തേണ്‍,സെന്‍ട്രല്‍ റെയില്‍വെ സോണുകളാണ് സ്റ്റാര്‍ട്ടപ്പുമായി കരാറിലെത്തിയിട്ടുള്ളത്.നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനും ഔറംഗബാദ് മുനിസിപ്പൽ കോർപ്പറേഷനുമായും കരാർ ഒപ്പിട്ടു. ”പ്രായമായ യാത്രക്കാര്‍ക്ക് ഇതു തീര്‍ച്ചയായും പ്രയോജനം ചെയ്യുമെന്നും റെയില്‍വെ പരിസരത്ത് തുപ്പുന്നതില്‍ നിന്നും ആളുകളെ നിരുത്സാഹപ്പെടുത്തുമെന്നും ഒരു റെയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here