പെലെയെ മറികടന്ന് മെസി! ഹാട്രിക്കില്‍ അര്‍ജന്‍റീനയ്ക്ക്‌ മിന്നും ജയം; നെയ്‌മര്‍ ഷോയില്‍ ജയമേളവുമായി ബ്രസീലും

0
248

ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ അര്‍ജന്‍റീനയ്‌ക്കും ബ്രസീലിനും തകര്‍പ്പന്‍ ജയം. നായകന്‍ ലിയോണല്‍ മെസിയുടെ ഹാട്രിക് കരുത്തില്‍ അര്‍ജന്‍റീന ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു. 14, 64, 88 മിനുറ്റുകളിലാണ് മെസിയുടെ ബൂട്ട് വലയെ ചുംബിച്ചത്. അതേസമയം പന്തടക്കത്തിലും ഷോട്ടുതിര്‍ക്കുന്നതിലും ഏറെ പിന്നില്‍പ്പോയി ബൊളീവിയ.

പെലെയെ പിന്നിലാക്കി മിശിഹാ

ബൊളീവിയക്കെതിരായ ഹാട്രിക്കോടെ ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര ഗോള്‍ നേടുന്ന സൗത്തമേരിക്കന്‍ പുരുഷ ഫുട്ബോളര്‍ എന്ന റെക്കോര്‍ഡ് മെസി കൈക്കലാക്കി. സാക്ഷാല്‍ പെലെയുടെ റെക്കോര്‍ഡാണ് മെസിക്കുതിപ്പില്‍ വഴിമാറിയത്. 77 ഗോളുകളാണ് പെലെയ്‌ക്കുള്ളതെങ്കില്‍ മെസിയുടെ സമ്പാദ്യം 79ലെത്തി. ദേശീയ കുപ്പായത്തില്‍ മെസിയുടെ ഏഴാം ഹാട്രിക്കിന് കൂടിയാണ് ആരാധകര്‍ സാക്ഷിയായത്.

നെയ്‌മര്‍ ഫോമില്‍; ബ്രസീലിന് ജയത്തുടര്‍ച്ച

മറ്റൊരു മത്സരത്തില്‍ നെയ്‌മര്‍ ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ബ്രസീല്‍ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ജയക്കുതിപ്പ് തുടര്‍ന്നു. 14-ാം മിനുറ്റില്‍ എവര്‍ട്ടന്‍ റിബൈറോയുടെ ഗോളില്‍ ബ്രസീല്‍ മുന്നിലെത്തി. നെയ്‌മറുടേതായിരുന്നു അസിസ്റ്റ്. പിന്നാലെ 40-ാം മിനുറ്റില്‍ വല ചലിപ്പിച്ച് നെയ്‌മര്‍ മത്സരം സ്വന്തം പേരിലെഴുതി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്‍റെ തുടര്‍ച്ചയായ എട്ടാം ജയമാണിത്.

ലാറ്റിനമേരിക്കയില്‍ പോയിന്‍റ് പട്ടികയില്‍ എട്ട് കളിയില്‍ 24 പോയിന്‍റുമായി ബ്രസീല്‍ ആധിപത്യം തുടരുകയാണ്. എട്ട് തന്നെ കളികളില്‍ 18 പോയിന്‍റുമായി അര്‍ജന്‍റീനയാണ് രണ്ടാമത്. ഉറുഗ്വെ മൂന്നും ഇക്വഡോര്‍ നാലും കൊളംബിയ അഞ്ചും സ്ഥാനങ്ങളിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here