ഗൂ​ഗിൾ മാപ്പു നോക്കി ലോറി ഓടിച്ചു, വഴിതെറ്റി നിയന്ത്രണം വിട്ട് മറിഞ്ഞ് ക്ലീനർ മരിച്ചു

0
464

ഇടുക്കി; ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് വാഹനത്തിന്റെ ക്ലീനർ മരിച്ചു. എറണാകുളം കറുകുറ്റി എടക്കുന്ന് ആമ്പലശേരി സുബ്രൻ (51) ആണു മരിച്ചത്. വാഹന ഉടമയായ ഡ്രൈവർ നെടുവേലിൽ ഡേവിസ് (42)  പരുക്കുകളോടെ രക്ഷപ്പെട്ടു. ഇടുക്കി അടിമാലിയിൽ ഇന്നലെ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം.

രാജാക്കാട്ട് ആരംഭിക്കുന്ന കറി പൗഡർ യൂണിറ്റിലേക്കു യന്ത്രസാമഗ്രികളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. വഴിയറിയാത്തതു കൊണ്ട് ഗൂഗിൾ മാപ്പ് നോക്കിയാണ് ലോറി ഓടിച്ചത്. അടിമാലിയിൽ‌ നിന്നു കല്ലാർകുട്ടി– വെള്ളത്തൂവൽ വഴിയാണ് രാജാക്കാട്ടേക്കു ദൂരം കുറ‍ഞ്ഞതും പ്രധാനപ്പെട്ടതുമായ റോഡ്. എന്നാൽ ഗൂഗിൾ മാപ്പിൽ കാണിച്ചതു മൂന്നാർ റോഡിൽ രണ്ടാംമൈലിൽ എത്തിയ ശേഷം തട്ടാത്തിമുക്ക്, ആനച്ചാൽ വഴിയുള്ള റോഡാണ്. ഇതു വഴി വരുമ്പോൾ ആണ് തട്ടാത്തിമുക്കിനു സമീപം വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞത്.

വാഹനത്തിൽ നിന്ന് സഹായി തെറിച്ചു പുറത്തേക്കു വീണു. ലോറിക്കുള്ളിൽ നിന്നു ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണു സുബ്രൻ മരിച്ചത്. സുബ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here