സ്വർണ കവർച്ചാ കേസ് സാക്ഷി റമീസിൻ്റെ അപകടമരണത്തിന് കാരണമായ കാറിൻ്റെ ഡ്രൈവർ മരിച്ചു

0
308

കണ്ണൂർ:  സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിൻ്റെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ട കാർ ഡ്രൈവർ മരിച്ചു. റമീസിൻ്റെ ബൈക്ക് വന്നിടിച്ച കാറിലെ ഡ്രൈവറായ തളാപ്പ് സ്വദേശി പി വി അശ്വിൻ (42) ആണ് അന്തരിച്ചത്. ഇന്നലെ വൈകിട്ടോടെ ചോര ഛർദ്ദിച്ച് അവശനിലയിലായ അശ്വിനെ വീട്ടുകാർ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിക്കുകയും ഇന്ന് രാവിലെയോടെ ഇയാൾ മരണപ്പെടുകയുമായിരുന്നു. ആന്തരിക രക്തസ്രവമാണ് മരണത്തിന് കാരണമെന്ന് ഡോക്ടർമാർ പറയുന്നു. അശ്വിൻ സ്ഥിരം മദ്യപാനിയായിരുന്നുവെന്നാണ് ഇയാളുടെ സുഹൃത്തുകൾ. അമിത മദ്യപാനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രവമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടേയും നിഗമനം.

കഴിഞ്ഞ മാസമാണ് സ്വർണക്കടത്ത് കവർച്ചാ കേസിലെ മുഖ്യസാക്ഷിയായ റമീസ് വാഹനാപകടത്തിൽ മരിക്കുന്നത്. രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയുടെ സുഹൃത്തായിരുന്നു റമീസ്. കടത്ത് സ്വർണം കവർച്ച ചെയ്ത കേസിൽ മുഖ്യസാക്ഷി കൂടിയായ റമീസിനോട് അടുത്ത ദിവസം ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ കസ്റ്റംസ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇയാളുടെ അപകടം.

അർജുൻ ആയങ്കിയുടെ സ്വദേശമായ കപ്പക്കാട് വച്ച് അമിതവേഗത്തിൽ ബൈക്കിൽ എത്തിയ റമീസ് ഇടറോഡിൽ നിന്നും മറ്റൊരു റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ഒരു കാറിൽ പോയി ഇടിക്കുകയും തലയ്ക്ക് സാരമായി പരിക്കേറ്റ് മരണപ്പെടുകയുമായിരുന്നു. തളാപ്പ് സ്വദേശി അശ്വിനും ഇയാളുടെ ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്. മുൻഡോറിൽ ബൈക്ക് ഇടിച്ചുണ്ടായ ആഘാതത്തിൽ അശ്വിൻ്റെ കൈക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിച്ച് പൊലീസ് റമീസുമായോ അർജജുൻ ആയങ്കിയുമായോ അശ്വിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. അശ്വിൻ ബന്ധുക്കളേയും കൊണ്ട് ആശുപത്രിയിൽ പോയി മടങ്ങി വരും വഴിയാണ് അപകടമുണ്ടായതെന്ന് വ്യക്തമായതോടെ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും അവസാനിച്ചിരുന്നു

റമീസിൻ്റെ അപകടമരണം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകുകയും ചെയ്തു.  റമീസിന്റെ കാറിന് പിന്നൽ ബൈക്കിടിച്ചപ്പോൾ ഉണ്ടായ ​ഗുരുതര പരിക്കാണ് മരണ കാരണമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഹെൽമെറ്റ് ഇ‌ല്ലാതെയാണ് റമീസ് വാഹനമോടിച്ചത്. അശ്രദ്ധമായി ബൈക്ക് തിരിച്ചതാണ് അപകട കാരണം. അപകടത്തിൽ തലയ്ക്കും വാരിയെല്ലുകൾക്കും ​ഗുരുതര പരിക്കേറ്റിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here