ടി20 ലോകകപ്പ്: പൂർണ മത്സരക്രമം പുറത്തുവിട്ട് ഐസിസി, ഫൈനൽ നവംബർ 14ന്

0
354

ദുബായ്: ഒക്ടോബർ-നവംബർ മാസങ്ങളിലായി യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിന്റെ പൂർണ മത്സരക്രമം പുറത്തുവിട്ട് ഐസിസി. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം ഒക്ടോബര്‍ 24ന് ദുബായ് ഇന്റനാഷണല്‍ സ്‌റ്റേഡിയത്തിൽ നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം തന്നെ പാക്കിസ്ഥാനെതിരെ ആണെന്ന പ്രത്യേകതയുമുണ്ട്.

നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍  ഗ്രൂപ്പ് ഒന്നിലും ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, അഫ്​ഗാനിസ്ഥാൻ ടീമുകൾ ​ഗ്രൂപ്പ് രണ്ടിലുമാണ്. ഒക്ടോബർ 17 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങളിൽ നിന്ന് യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. 12 ടീമുകളാണ് പ്രാഥമിക റൗണ്ടില്‍ മാറ്റുരയ്ക്കുക. ശ്രീലങ്കയും ബം​ഗ്ലാദേശും അടക്കമുള്ള ടീമുകൾ യോ​ഗ്യതാ റൗണ്ടിൽ മത്സരിക്കുന്നുണ്ട്.

പാക്കിസ്ഥാനെതിരായ മത്സരം കഴിഞ്ഞാൽ ദുബായിൽ 31ന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നവംബർ മൂന്നിന് ഇന്ത്യ അഫ്​ഗാനിസ്ഥാനെയും അഞ്ചിന് യോ​ഗ്യതാ റൗണ്ടിൽ ജയിച്ചെത്തുന്ന ടീമിനെയും എട്ടിന് യോ​ഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിനെയും ഇന്ത്യ നേരിടും.

നവംബർ 10ന് അബുദാബിയിലാണ് ആദ്യ സെമിഫൈനൽ. 11ന് ദുബായിൽ രണ്ടാം സെമി നടക്കും. നവംബർ 14ന് ദുബായിലാണ് ഫൈനൽ പോരാട്ടം. ഫൈനലിന് റിസർവ് ദിനവുമുണ്ട്.

ഇന്ത്യ വേദിയാവേണ്ടിയിരുന്ന ടൂർണമെന്റ് കൊവിഡ് പശ്ചാത്തലത്തിലാണ് യുഎഇയിലേക്കും ഒമാനിലേക്കും മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അന്ന് ഇംഗ്ലണ്ടിനെ തോല്‍പിച്ച് വിന്‍ഡീസ് കിരീടം നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here