കോവിഡാനന്തര ചികിത്സ സൗജന്യമല്ല; ഗവ. ആശുപത്രിയിൽ ദിവസം 750 മുതൽ 2000 വരെ

0
242

തിരുവനന്തപുരം ∙ കോവിഡാനന്തര ചികിത്സയ്ക്ക് സർക്കാർ ആശുപത്രികളിൽ പണം ഈടാക്കാൻ സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ്. എപിഎൽ വിഭാഗത്തിനു കിടക്കയ്ക്കു ദിവസം 750 മുതൽ 2000 രൂപ വരെ ഈടാക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശം. സ്വകാര്യ ആശുപത്രിയിൽ 2645 രൂപ മുതൽ 15,180 വരെ ഈടാക്കാനും അനുമതി നൽകി. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കും നിരക്ക് ബാധകമാക്കി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കി.

സംസ്ഥാനത്ത് പൂർണമായും സൗജന്യമായിരുന്ന കോവിഡാനന്തര ചികിത്സ, കാസ്പ് ചികിത്സ കാർഡ് ഉള്ളവർക്കും ബിപിഎൽ കാർഡുകാർക്കും മാത്രമായി പരിമിതപ്പെടുത്തി. കോവിഡാനന്തര രോഗവുമായി സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കു വിധേയരാകുന്ന എപിഎൽ കാർഡുകാർ പണം അടയ്ക്കണം. ജനറൽ വാർഡിൽ ദിനംപ്രതി 750 രൂപയും, എച്ച്ഡിയുവിൽ 1250 രൂപയും, ഐസിയുവിൽ 1500 രൂപയും, വെന്റിലേറ്റർ ഐസിയുവിൽ 2000 രൂപയുമാണു സർക്കാർ ആശുപത്രിയിലെ നിരക്ക്.

മ്യൂക്കോമൈക്കോസിസ്, ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ തടിപ്പുകൾ തുടങ്ങിയ  ചികിത്സയ്ക്കും നിരക്ക് ബാധകമാണ്. ശസ്ത്രക്രിയയ്ക്ക് 4800 മുതൽ 27,500 രൂപ വരെ വിവിധ വിഭാഗങ്ങളിൽ ഈടാക്കും. സ്വകാര്യ ആശുപത്രികളിലെ കോവിഡാനന്തര ചികിത്സാനിരക്കും ഏകീകരിച്ചു. 2645 രൂപ മുതൽ 2910 രൂപ വരെ വാർഡിൽ  ഈടാക്കാം. ഐസിയുവിൽ ഇത് 7800 മുതൽ 8580 രൂപ വരെ. വെന്റിലേറ്ററിന് 13,800 മുതൽ 15,180 രൂപ വരെയും ഈടാക്കാം. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം അനുസരിച്ചാണു തുകയിലെ ഏറ്റക്കുറച്ചിലുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here