ഹരിതയെ അനുനയിപ്പിക്കാൻ നീക്കം: നേതാക്കളിടപെട്ട് ചർച്ചകൾ സജീവം, എംഎസ്എഫിൽ പുന:സംഘടന വന്നേക്കും

0
177

മലപ്പുറം: നേതൃത്വത്തിനെതിരെ കലാപക്കൊടിയുയർത്തിയ ഹരിതയെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി മുസ്ലീം ലീഗ്. എംകെ മുനീറിന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ. ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കളെ പുനസംഘടനയുടെ ഭാഗമായി മാറ്റി നിര്‍ത്തുന്നതും ലീഗ് നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്.

ഹരിത സംസ്ഥാന ഘടകത്തിന്‍റെ പ്രവര്‍ത്തനം മരവിപ്പിച്ചെങ്കിലും ഹരിത നേതാക്കളുമായുളള അനുരഞ്ജന ചര്‍ച്ചകള്‍ ലീഗ് നേതൃത്വം അവസാനിപ്പിച്ചിട്ടില്ല. ഹരിത പ്രവർത്തകരുടെ പരാതിയിന്മേൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും സമവായ നീക്കങ്ങള്‍ നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു ഹരിത നേതാക്കളുമായി ചര്‍ച്ച നടത്തിയതെങ്കില്‍ ഇപ്പോള്‍ എംകെ മുനീറിനാണ് ചുമതല.

നിയമനടപടികള്‍ നീണ്ടുപോയാല്‍ സംഘടനക്ക് കൂടുതൽ പ്രതിസന്ധിയുണ്ടാകുമെന്ന വിലയിരുത്തലില്‍ ഹരിത നേതാക്കള്‍ക്ക് മുന്നില്‍ ചില ഉപാധികള്‍ ലീഗ് വച്ചിട്ടുണ്ട്. പുനസംഘടന നടക്കാനിരിക്കെ, ആരോപണ വിധേയരായ എംഎസ്എഫ് നേതൃത്വത്തെ മാറ്റും. ലീഗിലും എംഎസ്എഫിലും സ്ത്രീകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഉറപ്പാക്കും.

പകരം വനിത കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്നാണ് നിര്‍ദ്ദേശം. കൂടാത ഹരിതയുടെ പ്രവര്‍ത്തനം ക്യാംപസിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നേതൃത്വത്തിനെതിരെ പരസ്യമായി വിമർശനമുന്നയിച്ച എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ നീക്കണമെന്ന ആവശ്യം ലീഗിൽ ശക്തമാണ്.

ഹരിത പ്രവര്‍ത്തകരുടെ പരാതിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനായിരുന്നു പികെ നവാസ് അടക്കമുളളവര്‍ക്ക് ലീഗ് നല്‍കിയ നിര്‍ദ്ദേശം. ഇവരുടെ മറുപടി കൂടി കിട്ടിയ ശേഷമാകും കൂടുതല്‍ ചര്‍ച്ചകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here