‘ഹരിതക്കെതിരായ നടപടി ഉചിതം’; വനിതാകമ്മീഷന് നല്‍കിയ പരാതിയില്‍ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നതായി എംഎസ്എഫ് ദേശീയ നേതൃത്വം

0
235

എംഎസ്എഫ് വനിത വിദ്യാര്‍ത്ഥി സംഘടനയായ ഹരിതയുടെ സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച മുസ്‌ലിം ലീഗിന്റെ അച്ചടക്ക നടപടിയെ സ്വാഗതം ചെയ്ത് എംഎസ്എഫ് ദേശീയ നേതൃത്വം. ഹരിതക്കെതിരായ നടപടി ഉചിതമാണെന്നായിരുന്നു എംഎസ്എഫ് ദേശീയ സെക്രട്ടറി അഡ്വ. എന്‍എ കരീമിന്‍റെ പ്രതികരണം. എംഎസ്എഫിനെതിരായ ഹരിതയുടെ പരാതിയിൽ ബാഹ്യ ഇടപെടൽ സംശയിക്കുന്നതായും കരീം പറഞ്ഞു. പാർട്ടിക്ക് നല്‍കിയ പരാതിയിൽ പറയാത്ത കാര്യങ്ങളാണ് വനിതാ കമ്മീഷന് നല്‍കിയ പരാതിയിലുള്ളതെന്നാണ് ആരോപണം.

പികെ നവാസിനെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് ദേശീയ കമ്മിറ്റിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണവും എന്‍എ കരീം തള്ളി. ദേശീയ കമ്മറ്റിയുടെ പേരിൽ പ്രചരിക്കുന്ന റിപ്പോർട്ട് വാസ്തവ വിരുദ്ധമാണെന്നും അത്തരം ചർച്ചകൾ ദേശീയ കമ്മറ്റിയിൽ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച മുസ്‌ലിം ലീഗ് നടപടി വിവാദമായതോടെ എംഎസ്എഫ് സംസ്ഥാന നേതൃത്വവും പ്രതികരണമായി എത്തിയിരുന്നു. മുസ്ലിം ലീഗും എംഎസ്എഫും സ്ത്രീവിരുദ്ധമാണെന്ന അഭിപ്രായ ശരിയല്ലെന്നും സംഘടനയിലെ ഒന്നോ രണ്ടോ പേര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നേതൃത്വത്തെ മൊത്തം കുറ്റക്കാരാക്കരുതെന്നും എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂർ പറഞ്ഞു.

ഒന്നോ രണ്ടോ വ്യക്തികളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ പെണ്‍കുട്ടികള്‍ പ്രയാസം നേരിട്ടുണ്ടെങ്കില്‍ ഈ സംഘടന മൊത്തമായും സ്ത്രീ വിരുദ്ധമാണെന്ന് പറയരുത്. പാര്‍ട്ടി തീരുമാനത്തില്‍ തൃപ്തരല്ല എന്നു പറയുന്നില്ല പാര്‍ട്ടിയുടെ തീരുമാനം ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ഔദ്യോഗികമായി ഞങ്ങളെ വിളിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേതൃത്വത്തിനു മുന്നില്‍ അറിയിക്കും. വരും ദിവസങ്ങളില്‍ മുസ്ലിം ലീഗ് നേതൃത്വവുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും എംഎസ്എഫ് വ്യക്തമാക്കി.

അതേസമയം, ഹരിതയുടെ പ്രവര്‍ത്തനം സംഘടനയ്ക്ക് മുതല്‍ക്കൂട്ടാണെന്നും ഹരിതയെ പിരിച്ചുവിട്ടില്ലെന്നും ചൂണ്ടിക്കാട്ടി വിവാദത്തിന്‍റെ പ്രഹരശേഷി കുറയ്ക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ആരോപണങ്ങളില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ, ജനറല്‍ സെക്രട്ടറി വി എ വഹാബ് എന്നിവരോട് രണ്ടാഴ്ച്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെയും മലപ്പുറം ജില്ലാ ജന. സെക്രട്ടറി വി അബ്ദുള്‍ വഹാബിനെതിരെയുമായിരുന്നു ഹരിത വിഭാഗം വനിതാ കമ്മീഷന്‍ ലൈംഗികാധിക്ഷേപ പരാതി നല്‍കിയത്. ഹരിതയുടെ ഈ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ, നവാസ്, എംഎസ്എഫ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെ കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു ഹരിതയ്ക്കെതിരായ മുസ്ലിംലീഗിന്റെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here