തലപ്പാടിയിലെ പ്രവേശന പ്രശ്നം -കോൺഗ്രസിൽ അഭിപ്രായഭിന്നത

0
309

മംഗളൂരൂ : തലപ്പാടിയിൽ കർണാടക നടത്തുന്ന നിയന്ത്രണം വിലയിരുത്താൻ കർണാടക മുഖ്യമന്ത്രി എത്താതിരുന്നത് കേരളത്തിലെയും കർണാടകയിലെയും കോൺഗ്രസിൽ അഭിപ്രായഭിന്നതക്ക് കാരണമായി. പ്രതിഷേധം ഭയന്നാണ് കർണാടക മുഖ്യന്ത്രി അതിർത്തി സന്ദർശനം റദ്ദാക്കിയതെന്ന് വിമർശിച്ച കാസർകോട്ടെ കോൺഗ്രസ് നേതാക്കൾക്കെതിരേ മംഗളൂരുവിലെ കോൺഗ്രസ് എം.എൽഎ. യു.ടി.ഖാദർ രംഗത്തെത്തി.

തലപ്പാടി ഉൾപ്പെടുന്ന മംഗളൂരു മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എ.യും മലയാളിയുമായ യു.ടി.ഖാദറാണ് കർണാടക മുഖ്യമന്ത്രിയെ ന്യായീകരിച്ചത്. ബസവരാജ് ബൊമ്മെ തങ്ങളുടെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ ആര് അപകീർത്തിപ്പെടുത്തിയാലും അംഗീകരിക്കാനാവില്ലെന്നും ഖാദർ പറഞ്ഞു. കേരളത്തിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലാണ് അവിടെനിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കാൻ കർണാടക തീരുമാനിച്ചത്. ഇത് അതിർത്തി മേഖലയിൽ താമസിക്കുന്നവർക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇതിന്റെ പേരിൽ മുഖ്യമന്ത്രിയെ അവഹേളിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഖാദർ പറഞ്ഞു.

കർണാടകത്തിന്‍റെ നിയന്ത്രണങ്ങൾക്കെതിരേ ദിവസങ്ങളായി തലപ്പാടിയിൽ എൽ.ഡി.എഫും യു.ഡി.എഫും യുവജന സംഘടനകളുമെല്ലാം പ്രതിഷേധവുമായി രംഗത്തുണ്ട്. ഈ പ്രതിഷേധം ഭയന്നാണ് മുഖ്യമന്ത്രി സന്ദർശനം റദ്ദാക്കിയതെന്ന് കാസർകോട് ഡി.സി.സി. അംഗം ഹർഷാദ് വോർക്കാടിയും യു.ഡി.എഫ്. മഞ്ചേശ്വരം ബ്ലോക്ക് ചെയർമാൻ സൈഫുള്ള തങ്ങളും ആരോപിച്ചിരുന്നു. മംഗളരൂവിൽ നടന്ന ജില്ലാതല കോവിഡ് അവലോകനയോഗത്തിൽ അതിർത്തിയിലെ പ്രശ്നങ്ങൾ വിലയിരുത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി തലപ്പാടി സന്ദർശിക്കേണ്ട ആവശ്യമില്ലെന്ന് തീരുമാനിച്ചതെന്ന് ഖാദർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here