ലീഗിന്‍റെ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം: എംഎസ്എഫ് നേതാവിനെതിരായ പരാതിയിലുറച്ച് ഹരിത ഭാരവാഹികള്‍

0
212

എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതിയില്‍ വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന് നിര്‍ദേശം നല്‍കി. പരാതിക്കാരുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ച് നിന്നതോടെ പ്രശ്നപരിഹാരത്തിന് മുനവ്വറലി തങ്ങള്‍ മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചയില്‍ സമവായമുണ്ടായില്ല. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

പരാതി ഒത്തുതീര്‍പ്പാക്കാന്‍ ലീഗ് നേതൃത്വം തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് വനിതാ കമ്മീഷന്‍ നടപടിയിലേക്ക് കടന്നത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിനോട് അടിയന്തര റിപ്പോര്‍ട്ട് കൈമാറാന്‍ നിര്‍ദേശിച്ചു. സ്പെഷ്യൽ ബ്രാഞ്ച് എസിപി പി സി ഹരിദാസന് കമ്മീഷണർ അന്വേഷണ ചുമതല കൈമാറി. ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയുടെ മൊഴി കോട്ടക്കലിലെ വീട്ടിലെത്തി രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നി അടക്കമുള്ള നേതാക്കളുടെ മൊഴി ഫോണിലൂടെയും എടുത്തു. റിപ്പോര്‍ട്ട് വനിതാ കമ്മീഷന് ഉടന്‍ കൈമാറും. അതിന് ശേഷമാണ് എംഎസ്എഫ് പ്രസിഡന്‍റ് പി കെ നവാസിനെതിരെയും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെതിരെയും കേസ് എടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

ലീഗ് നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരം പാണക്കാട് മുനവ്വറലി തങ്ങള്‍ ഇന്നലെ മുഫീദ തെസ്നിയുമായും നെജ്മ തബ്ഷീറയുമായും ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല. നവാസിനെതിരെ നടപടിയെടുത്താല്‍ മാത്രമേ പരാതി പിന്‍വലിക്കൂവെന്ന നിലപാട് ഹരിത നേതാക്കള്‍ ആവര്‍ത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here