കോടതി അലക്ഷ്യ കേസ്: സിപിഎമ്മിനും എൻസിപിക്കും 5 ലക്ഷം പിഴ, ബി.ജെ.പിക്കും കോൺഗ്രസിനും 1 ലക്ഷം

0
292

ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ സംബന്ധിച്ച വിശദാംശങ്ങൾ പരസ്യപ്പെടുത്താതിന് സിപിഎമ്മിനും, എൻസിപിക്കും സുപ്രീംകോടതി അഞ്ച് ലക്ഷം രൂപ പിഴ വിധിച്ചു. ബിജെപി, കോൺഗ്രസ്, സിപിഐ, ജെഡി യു, എൽ ജെ പി എന്നി പാർട്ടികൾക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. എട്ട് ആഴ്ചയ്ക്കുള്ളിൽ പിഴ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അക്കൗണ്ടിൽ പാർട്ടികൾ നിക്ഷേപിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസ്സുകൾ പ്രമുഖ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം എന്ന് സുപ്രീം കോടതി ഫെബ്രുവരി 13 ന് പുറത്ത് ഇറക്കിയ ഉത്തരവിൽ നിർദേശിച്ചിരുന്നു. ഈ ഉത്തരവിൽ വീഴ്ച വരുത്തിയതിന് അഭിഭാഷകൻ ബ്രജേഷ് സിംഗ് നൽകിയ കോടതി അലക്ഷ്യ കേസിലാണ് സുപ്രീം കോടതി പിഴ വിധിച്ചത്. സിപിഐ (എം), എൻ സി പി എന്നി രാഷ്ട്രീയ പാർട്ടികൾ  സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകളെ സംബന്ധിച്ച വിശദാംശങ്ങൾ ഫോം സി 8  ലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചരുന്നില്ല.

സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ സംബന്ധിച്ച വിശദാംശങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന സമിതിക്ക് പറ്റിയ വീഴ്ച കാരണമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വിവരം കൈമാറാത്തത് എന്നും സിപിഎം കോടതിയിൽ വ്യക്തമാക്കിയിരുന്നു. സിപിഎം, എൻസിപി എന്നി പാർട്ടികൾ പറ്റിയ വീഴ്ചയ്ക്ക് കോടതിയിൽ നിരുപാധികം മാപ്പ് അഭ്യർത്ഥിച്ചിരുന്നു എങ്കിലും അത് തള്ളിക്കൊണ്ടാണ് പിഴ ഇട്ടത്. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎം ക്രിമിനൽ കേസുകളിൽ പ്രതികളായ നാല് പേരെയും എൻസിപി 26 പേരെയും ആണ് സ്ഥാനാർത്ഥികളാക്കിയത്.

പ്രചാരം കുറഞ്ഞ മാധ്യമങ്ങളിൽ ആണ് കോൺഗ്രസും, ബിജെപിയും സിപിഐയും  സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ പ്രസിദ്ധീകരിച്ചത്. ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ട കേസുകളിലെ പ്രതികളെയും ഈ പാർട്ടികൾ സ്ഥാനാർത്ഥികളാക്കി. ഇതിന് എതിരെയാണ് ഒരു ലക്ഷം രൂപ പിഴ കോടതി വിധിച്ചത്.

ഇനി മുതൽ സ്ഥാനാർത്ഥിത്വം നിശ്ചയിച്ചാൽ 48 മണിക്കൂറിന് ഉള്ളിൽ ക്രിമിനൽ കേസുകൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം എന്ന് സുപ്രീം കോടതി നിർദേശിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം. വെബ്‌സൈറ്റിലെ ഹോം പേജിൽ സ്ഥാനാർത്ഥികളുടെ കേസ് സംബന്ധിച്ച വിശദാംശങ്ങളുടെ ലിങ്ക് ഉണ്ടാകണം. സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരം വോട്ടർമാർക്ക് ലഭിക്കാൻ പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here