ഫോട്ടോ ഉപയോഗിച്ച് മുസ്‌ലിം സ്ത്രീകളെ ലേലത്തില്‍ വെച്ച ‘സുള്ളി ഡീല്‍സ്’ ആപ്പിനെതിരെ പ്രതിഷേധം ശക്തം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

0
251

ദില്ലി: ആക്റ്റിവിസ്റ്റുകളായ മുസ്ലിം വനിതകളുടെ ചിത്രങ്ങൾ അപകീര്‍ത്തികരമായി ഉപയോഗിച്ച വെബ്സൈറ്റിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്. മുസ്ലീം സ്ത്രീകൾ ലേലത്തിൽ എന്ന കുറിപ്പോടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത വെബ്സൈറ്റിനെതിരെയാണ് കേസെടുത്തത്. സംഭവത്തിന് പിന്നിൽ തീവ്ര വലത് സംഘടനകളാണെന്ന് സംശയമുണ്ടെന്ന് ഇരയായ മലയാളി വിദ്യാർത്ഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ മുസ്ലീം വനിതകളുടെ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തത്. ഇരയായവരിൽ വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുണ്ട്. ഒരോ ദിവസവും ഓരോ മുസ്ലീം സ്ത്രീയുടെ ഫോട്ടോ അപ്ലോഡ് ചെയ്ത ശേഷം വെബ്സൈറ്റ് സന്ദർശിക്കുന്നവരോട് ലേലം വിളിക്കാൻ ആവശ്യപ്പെടുന്നതാണ് വെബ്സൈറ്റിന്‍റെ രീതി. ജൂലൈ നാല് മുതലാണ് വെബ്സൈറ്റിനെ കുറിച്ചുള്ള വാർത്തകൾ ട്വിറ്ററിലൂടെ പുറത്തുവരുന്നത്. ഇരുപത് ദിവസത്തോളം പ്രവർത്തിച്ച വെബ്സൈറ്റ് ഇതിനു ശേഷം സൈബർ സെൽ ഇടപെട്ട് പൂട്ടിക്കുകയായിരുന്നു. ട്വിറ്ററിലൂടെയാണ് തന്‍റെയും സുഹൃത്തുക്കളുടെയും ഫോട്ടോ വെബ്സൈറ്റിൽ വന്ന കാര്യം ദില്ലിയിലെ മലയാളി വിദ്യാർത്ഥി അറിയുന്നത് പോലും.

വെബ്സൈറ്റിന് പിന്നിൽ പ്രവർത്തിച്ച അജ്ഞാതർക്കെതിരെ കേസെടുത്തിരിക്കുകയാണ് ദില്ലി പൊലീസ്. നിർമ്മാതാക്കളെ കണ്ടെത്താനുള്ള അന്വേഷണവും തുടങ്ങി. ഗിറ്റ് ഹബ് എന്ന പ്ലാറ്റ്‍ഫോം ഉപയോഗിച്ചാണ് സുള്ളി ഡീൽ എന്ന വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്. കേസിൽ ഗിറ്റ് ഹബിനും ദില്ലി പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here