തീരെ വയ്യെന്ന് കോടതിയിൽ; നൃത്തം ചെയ്ത്, ബാസ്കറ്റ് ബോൾ കളിച്ച് പ്രജ്ഞ – വിഡിയോ

0
269

ഭോപ്പാൽ ∙ മാലെഗാവ് സ്ഫോടനക്കേസിൽ, അനാരോഗ്യം ചൂണ്ടിക്കാട്ടി കോടതിയിൽ ഹാജരാകാതിരുന്ന ബിജെപി എംപി പ്രജ്ഞ സിങ് ഠാക്കൂറിന്റെ നൃത്ത വിഡിയോ ചർച്ചയാകുന്നു. ബാസ്കറ്റ് ബോൾ കോർട്ടിലെ ഗംഭീര പ്രകടനത്തിനു പിന്നാലെയാണ്, വിവാഹച്ചടങ്ങിൽ മറ്റുള്ളവരോടൊപ്പം പ്രജ്ഞ നൃത്തം ചെയ്യുന്ന വിഡിയോയും വൈറലായത്.

അനാരോഗ്യമാണെന്നും ചക്രക്കസേരയിൽ മാത്രമേ സഞ്ചരിക്കാനാവൂ എന്നും പറഞ്ഞു കോടതിയിൽ നേരിട്ടു ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചതിനു പിന്നാലെയാണു വിഡിയോകൾ പുറത്തുവന്നത് എന്നതു ശ്രദ്ധേയം. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള രണ്ടു യുവതികളുടെ വിവാഹം എംപിയുടെ ഭോപ്പാലിലെ വസതിയിലാണു നടന്നത്. ഇതിന്റെ ആഘോഷത്തിൽ പങ്കെ‌ടുത്താണ് 51കാരിയായ പ്രജ്ഞ നൃത്തം ചെയ്തത്. വളരെ സന്തുഷ്ടരാണെന്നും അനുഗ്രഹിക്കപ്പെട്ടവരാണെന്നും വിവാഹിതരായ യുവതികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മകളുടെ കല്യാണം നടത്തിത്തന്നതിൽ എംപിയോടു നന്ദിയുണ്ടെന്ന് ഒരു വധുവിന്റെ പിതാവായ ദിവസവേതന തൊഴിലാളി ദേശീയ മാധ്യമത്തോടു പറഞ്ഞു. പ്രജ്ഞയാണു സഹായിച്ചതെന്നും അവരുടെ ദീർഘായുസ്സിനായി ദേവിയോടു പ്രാർഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രജ്ഞ നൃത്തം ചെയ്യുന്ന വിഡിയോയെ വിമർശിച്ചു കോൺഗ്രസ് രംഗത്തെത്തി.

‘ഭോപ്പാൽ എംപിയായ സഹോദരി പ്രജ്ഞയെ കാണുമ്പോഴെല്ലാം ബാസ്കറ്റ്ബോൾ കളിക്കുകയോ ഒറ്റയ്ക്കു നടക്കുകയോ ഇതുപോലെ സന്തോഷത്തോടെ നൃത്തം ചെയ്യുകയോ ആണ്. ഇതു ഞങ്ങളെ സന്തോഷിപ്പിക്കുന്നു …?’– മധ്യപ്രദേശിലെ കോൺഗ്രസ് വക്താവായ നരേന്ദ്ര സലൂജ ട്വീറ്റ് ചെയ്തു.

2008ലെ മാലെഗാവ് സ്‌ഫോടനത്തിൽ പ്രതിയായ പ്രജ്ഞ ഇപ്പോൾ ജാമ്യത്തിലാണ്. 2017ൽ ജാമ്യം ലഭിക്കുന്നതിന് മുൻപ് 9 വർഷം ജയിലിലായിരുന്നു. വടക്കൻ മഹാരാഷ്ട്രയിലെ മാലെഗാവ് പട്ടണത്തിൽ മോട്ടർ സൈക്കിളിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറു പേർ മരിക്കുകയും നൂറിലധികം പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here