വാക്സിനേഷന് നെഗറ്റീവ് സർട്ടിഫിക്കറ്റ്: മംഗൽപാടിയിൽ ഉന്തും തള്ളും; നിർദേശം കേന്ദ്രത്തിന്റെ വാക്സീൻ നയത്തിനു വിരുദ്ധം

0
367

കാഞ്ഞങ്ങാട് ∙ ആദ്യ ഡോസ് വാക്സീൻ സ്വീകരിക്കുന്നതിനു മുൻപ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വാക്സീൻ മാനദണ്ഡങ്ങൾ മറികടന്നാണു ജില്ലാതലത്തിൽ ഇത്തരമൊരു തീരുമാനമെടുത്തത്. കോവിഡ് സ്ഥിരീകരണ നിരക്കു കുറയ്ക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്ന് ഇതിനകം വിമർശനമുയർന്നിട്ടുണ്ട്. അശാസ്ത്രീയമായ ടിപിആർ നിർണയം മാറ്റുന്നതിനു പകരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നയമാണ് അധികൃതർ സ്വീകരിക്കുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.

പരിശോധന കൂട്ടണം, എന്നാൽ സൗകര്യമില്ല

പരിശോധനകളുടെ എണ്ണം കൂട്ടുമ്പോൾ അതിനു വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതു വെല്ലുവിളിയാകും. ജീവനക്കാരുടെ കുറവും പരിശോധനയ്ക്കുള്ള സൗകര്യക്കുറവും ആരോഗ്യ വകുപ്പിനു വെല്ലുവിളിയാകും. കൂടുതൽ പരിശോധനകൾ നടത്തുമ്പോൾ വേഗത്തിൽ ഫലം നൽകാൻ ഇപ്പോൾ തന്നെ അധികൃതർക്കു കഴിയുന്നില്ല. ഇനിയും എണ്ണം കൂടിയാൽ കൃത്യസമയത്തു പരിശോധന ഫലം നൽകുന്നതിൽ കാലതാമസം വരും.  പരിശോധന കേന്ദ്രങ്ങളിലുണ്ടാകുന്ന തിരക്ക് എങ്ങനെ കുറയ്ക്കാനാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. 15 ദിവസത്തിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണു റിപ്പോർട്ട്.

നെഗറ്റീവ് സർട്ടിഫിക്കറ്റ് കേന്ദ്ര മാനദണ്ഡത്തിന് എതിര്

ആദ്യ ഡോസ് വാക്സീൻ സ്വീകരിക്കാൻ എത്തുന്നവർക്കു കോവിഡ് നെഗറ്റീവ് വേണമെന്ന നിർദേശം കേന്ദ്രത്തിന്റെ വാക്സീൻ നയത്തിനു വിരുദ്ധമാണ്. വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിലെ നാലാമത്തെ പോയിന്റ് തന്നെ ഇതാണ്. വാക്സീൻ സ്വീകരിക്കാൻ എത്തുന്നവർക്ക് ആന്റിജൻ പരിശോധന പാടില്ലെന്ന് ഇതിൽ വ്യക്തമായി പറയുന്നു. എന്നാൽ വാക്സിനേഷൻ കേന്ദ്രത്തിൽ തന്നെ ആന്റിജൻ പരിശോധനയ്ക്ക് സൗകര്യം ഒരുക്കുമെന്നാണു ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് വാക്സീൻ നൽകിയില്ലെങ്കിൽ കേന്ദ്ര നയത്തിന് തന്നെ വിരുദ്ധമാകും അധികൃതരുടെ ഈ തീരുമാനം.

” ജില്ലയിലെ കോവിഡ് പരിശോധന വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു വാക്സീൻ ആദ്യ ഡോസ് സ്വീകരിക്കുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് വാക്സിനേഷൻ ക്യാപുകളിൽ ആന്റിജൻ ടെസ്റ്റിന് സൗകര്യമൊരുക്കും”   സ്വാഗത് ആർ.ഭണ്ഡാരി,കലക്ടർ

762 പേർക്ക് കൂടി കോവിഡ്; ടിപിആർ 16.2

ജില്ലയിൽ 762 പേർ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 817 പേർ നെഗറ്റീവായി. നിലവിൽ 6412 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 327 ആയി ഉയർന്നു. ജില്ലയിലെ ടിപിആർ ഇന്നലെ 16.2 ആയി ഉയർന്നു. ടിപിആർ 15ൽ കൂടിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണം നടപ്പാക്കുമ്പോഴാണ് ജില്ലയിലെ ശരാശരി തന്നെ അതിനു മുകളിലെത്തിയത്.

നിരീക്ഷണത്തിലുള്ളത് 28,347 പേരാണ്. പുതിയതായി 1549 പേരെ കൂടി നിരീക്ഷണത്തിലാക്കി. ആശുപത്രികളിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 639 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു. ആശുപത്രികളിൽ നിന്നും  കോവിഡ് കെയർ സെന്ററുകളിൽ നിന്നും 817 പേരെ ഡിസ്ചാർജ് ചെയ്തു. 1,03,321 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 96,076 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

മംഗൽപാടിയിൽ തർക്കം

മംഗൽപാടിയിലെ താലൂക്ക് ആശുപത്രി വാക്സീൻ കേന്ദ്രത്തിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തിൽ ഉന്തും തള്ളും. കംപ്യൂട്ടറിനു തകരാറുണ്ടായി. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി. പരാതിയിൽ പൊലീസ് 2 പേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. ജൂനിയർ സൂപ്രണ്ടിനെയും ഹെൽത്ത് ഇൻസ്പെക്ടറെയും കയ്യേറ്റം ചെയ്തതിനും, ലാപ്ടോപ് തകർത്തിനുമാണ് കേസെടുത്തത്. വാക്സീൻ എടുക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. പിന്നീട് മഞ്ചേശ്വരം പൊലീസ് എത്തി സ്ഥിതി ശാന്തമാക്കി. ഉച്ചയ്ക്കാണു സംഘർഷമുണ്ടായത്.

പരിശോധന 10,000 ആയി വർധിപ്പിക്കും; കേന്ദ്രങ്ങൾ 72: പി.ബി.നൂഹ്

കാസർകോട് ∙ ജില്ലയിലെ കോവിഡ് പരിശോധനകളുടെ എണ്ണം പതിനായിരമായി ഉയർത്തുമെന്നും ഇതിനായി പരിശോധനാ കേന്ദ്രങ്ങൾ 72 ആയി ഉയർത്തുമെന്നും കോവിഡ് സ്‌പെഷൽ ഓഫിസർ പി.ബി.നൂഹ് പറഞ്ഞു. കലക്ടർ സ്വാഗത് ആർ.ഭണ്ഡാരിയുമായി അദ്ദേഹം ചർച്ച നടത്തി. പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം അടുത്ത തിങ്കളാഴ്ചയോടെ 42ൽ നിന്ന് 72 ആയി ഉയർത്തും.

ഇതിനു ജീവനക്കാരുടെ കുറവുണ്ട്. കാസർകോട്, കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനുകളിലും തലപ്പാടി ചെക്പോസ്റ്റിലും പ്രത്യേക പരിശോധനാ കേന്ദ്രം സ്ഥാപിക്കും. പരിശോധനകളോട് എതിരായ സമീപനം കാണിച്ചാൽ ടിപിആർ കൂടി ഡി കാറ്റഗറിയിൽ വരികയും അതിൽ തുടരുകയും ചെയ്യുമെന്നും പിന്നെ സമ്പൂർണ ലോക്ക്ഡൗണിലേക്കു പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന നിർദേശങ്ങൾ

∙ തീരദേശമേഖലയിൽ ഒൻപതോളം പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കും.

∙ ജില്ലാ തലത്തിൽ കോവിഡ് കോൾ സെന്റർ രൂപീകരിക്കും.10 ഫോൺ നമ്പറുകൾ, 30 ജീവനക്കാർ

∙ സി, ഡി കാറ്റഗറികളിലെ പഞ്ചായത്തുകൾക്കായി മാസ് ആക്‌ഷൻ ആസൂത്രണം ചെയ്യും

∙ സി, ഡി കാറ്റഗറികളിലുള്ള പഞ്ചായത്തുകളിൽ സെക്ടറൽ മജിസ്‌ട്രേട്ടുമാരുടെ എണ്ണം ഇരട്ടിയാക്കും

∙ ബ്ലോക്ക് നോഡൽ ഓഫിസർ, തഹസിൽദാർ, സെക്ടറൽ മജിസ്‌ട്രേട്ട്, അവരുടെ സൂപ്പർവൈസറി ഓഫിസർ, പൊലീസ് ടീം, ടെസ്റ്റിങ് വാഹനം തുടങ്ങിയ 7 വാഹനങ്ങൾ അടങ്ങിയ സംഘം പഞ്ചായത്തുകളിൽ സന്ദർശിക്കും. ഏറ്റവും മോശം പ്രകടനം നടത്തുന്ന 8 ഗ്രാമ പഞ്ചായത്തുകളിൽ ഈ സംഘം അടുത്ത ദിവസങ്ങളിൽ സന്ദർശനം നടത്തും.

∙ അതിഥി തൊഴിലാളികളെ കരാറുകാർ നിർബന്ധമായും പരിശോധന നടത്തണം

∙ എല്ലാ സർക്കാർ ജീവനക്കാരും ടെസ്റ്റ് ചെയ്യണമെന്ന് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.

∙ കോളനികളിൽ താമസ സൗകര്യം കുറവായ ഇടങ്ങളിലുള്ളവർ പോസിറ്റീവായാൽ അവരെ
ഡൊമിസിലിയറി സെന്ററുകളിലേക്ക് മാറ്റും

∙ജില്ലയിലെ 777 വാർഡുകളിലും ആർആർടികൾ പ്രവർത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here