ചെർക്കളം അബ്ദുല്ല സാഹിബ് ഓർമയിലെ പൂമരം (അനുസ്മരണം: അഷ്‌റഫ് കർള) )

0
264

സമൂഹങ്ങളിലേക്കുള്ള യാത്രകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങളെ യാഥാർത്ഥ്യമാക്കിയ, നിശ്ചയദാർഢ്യം സാമൂഹിക സാംസ്കാരിക ചരിത്രത്തിലുടനീളം നിറകതിർ ചൊരിഞ്ഞ നിന്ന ജീവിതം കർമ്മ ഭൂമിയെ ശാന്തമാക്കുന്ന മഹാതേജാസ്‌, കാലഘട്ടത്തിന്റെ ശക്തി ജ്വാല. കാപട്യത്തിന്റെ മുഖച്ഛായ അണിയാത്ത മഹാമനുഷ്യൻ. വാത്സല്യത്തിന്റെ അലകടൽ ഉണർത്തുന്ന ഹൃദയത്തിന്റെ ഉടമ, ജനഹൃദയം കീഴടക്കിയ പ്രതിഭ.തുമ്പപ്പൂപോലെ നിർമ്മലഹൃദയവും,തൂമന്ദഹാസം പൊഴിയുന്ന മുഖവുമായി ജനങ്ങൾ കൊപ്പം നിലകൊണ്ട നേതാവ്. ശരണം അന്വേഷിച്ചെത്തുന്നവന്റെ ഭാരം ഇറക്കിവെക്കാനുള്ള അത്താണിയായിരുന്നു ചെർക്കളം. പ്രതിരോധം കൊണ്ടും,ഇച്ഛാശക്തി കൊണ്ടും,കർമ്മ നൈപുണ്യം കൊണ്ടും കാലഘട്ടത്തെയും സാഹചര്യങ്ങളെയും പാടെ മാറ്റി തീർത്ത നേതാവ്. പ്രായോഗിക ജീവിതത്തിൽ അങ്ങേയറ്റം വിജയം നേടിയ പക്വമതി. ഉത്തരകേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ നാൽകവലയിൽ കാലം കൊളുത്തിത്തൂക്കിയ വർണ്ണോജ്ജലമായ വഴിവിളക്ക്! വടക്കേമലബാറിൽ ആശയറ്റ് ആലസ്യത്തിന്റെയും, അലമ്പാവത്തിന്റെയും ഊഷര താഴ് വരയിൽ ഉറക്കം പൂണ്ട വരു ജനസഞ്ചയത്തെ വിളിച്ചുണർത്തി അവർക്കു ആത്മാഭിനത്തിന്റെയും അതിലുപരി അർപ്പണ ബോധത്തിന്റെയും ജീവരക്തം കുത്തിവച്ച ധീരനായ നേതാവായിരുന്നു ‘ചെർക്കളം’. അദ്ദേഹം വിടപറഞ്ഞിട്ട് ഇന്നേക്ക് മുന്ന് വർഷം പിന്നിടുന്നു.. ചെർക്കളം ഇല്ലാത്ത കാസർഗോഡ് ഇന്നും അനാഥത്തം പേറുകയാണ് ആ ഓർമയിൽ നനവുയരുന്ന കാസർഗോഡിന്റെ നയനങ്ങളിൽ ഇന്നും മരിക്കാത്ത ഓർമ്മകൾ!

ഭരണ മികവ് കൊണ്ടും, അതിശയിപ്പിക്കുന്ന നേതൃപാഠവം കൊണ്ടും സാമൂഹിക, രാഷ്ട്രീയ, പൊതു പ്രവർത്തന രംഗത്ത് തുല്യതയില്ലാത്ത പ്രവർത്തങ്ങൾ നടത്തിയ മുൻ മന്ത്രിയും, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായിരുന്നു ചെർക്കളം അബ്ദുള്ള സാഹിബ്. പിന്നോക്കം നിന്നിരുന്ന ഒരു സമൂഹത്തെ, ഒരു ജില്ലയെ സാമൂഹിക മുന്നേറ്റം കൊണ്ടും, വികസനം കൊണ്ടും പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ചെർക്കളം അബ്ദുള്ള സാഹിബ് എന്ന അതുല്ല്യനായ ഒരു നേതാവിൻറെ, ഭരണ കർത്താവിൻറെ ഇടപെടലുകളും, പരിശ്രമങ്ങളും നമുക്ക് കാണുവാൻ സാധിക്കും. അതായിരുന്നു നീണ്ട …. പതിറ്റാണ്ടിൻറെ പൊതു പ്രവർത്തനം ഒരു തുറന്ന പുസ്തകം പോലെ ആർക്കും വായിച്ചെടുക്കാൻ വിധത്തിൽ എഴുതി ചേർത്ത് ചെർക്കളം നമ്മിൽ നിന്നും അകന്നു.

ധീരനായ ഒരു നേതാവായിരുന്നു ചെർക്കളം അബ്ദുള്ള സാഹിബ്. മുസ്ലിം ലീഗിൻറെ രൂപീകരണ നാൾവഴികളിൽ സ്ഥാപക നേതാക്കന്മാർമാറിൽ ജ്വലിച്ച് നിന്ന ധീരത ചെർക്കളത്തിൽ പ്രകടമായിരുന്നു. കേരള രാഷ്ട്രീയത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും ഏകോപിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിൻറെ ധീരത. തൻറെ പ്രവർത്തന മേഖകളകളിൽ പ്രതിനസന്ധികളും, പ്രയാസങ്ങളും നേരിടുമ്പോൾ തൻ്റെതായ ശൈലിയിലൂടെ അവയെല്ലാം പരിഹരിച്ച് വിജയിക്കുക എന്നത് ചെർക്കളത്തിൻറെ മാത്രം ഒരു കഴിവായിരുന്നു. തനിക്ക് ശരിയെന്ന് തോന്നുന്നത് ആരുടെ മുമ്പിലും വെട്ടിത്തുറന്ന് പറയുവാൻ അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു. ആരുടെ മുമ്പിലും ഓച്ചാനിച്ച്‌ നിൽക്കാതെ സധൈര്യം പ്രവർത്തന പാതയിൽ മുന്നേറിയിരുന്ന ശക്തനായ ഒരു നേതാവായിരുന്നു ചെർക്കളം അബ്ദുള്ള സാഹിബ്.

കൃത്യ നിഷ്ടതയാണ് ചെർക്കളം അബ്ദുള്ള സാഹിബ് തൻറെ ജീവിതത്തിൽ വരച്ചിട്ട ഏറ്റവും വലിയ അടയാളം.അദ്ദേഹത്തിൻറെ കൃത്യനിഷ്ടതയും, സമയ നിഷ്ഠയും പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഒരു മാതൃകയാണ് അദ്ദേഹത്തിൻറെ ജീവിതം. ഒരേ സമയത്ത് വിവിധ സംഘടനകളുടെ നേതൃ പദവികൾ അലങ്കരിച്ച് തിരക്ക് പിടിച്ച പൊതു പ്രവർത്തനത്തിൽ സമയ നിഷ്ഠ പാലിക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. ഓരോ പരിപാടികൾക്കും അദ്ദേഹം ഏറ്റ സമയത്തിനും മുമ്പേ പരിപാടി സ്ഥലത്തേക്ക് എത്തുകയും സംഘാടകരെയും, മറ്റു അതിഥികളെയും കാത്തിരിക്കുന്ന സന്ദർഭങ്ങൾ അദേഹത്തിൻറെ പൊതു പ്രവർത്തനത്തിൽ ഒരുപാടുണ്ടായിട്ടുണ്ട്. കൃത്യ സമയത്ത് ഒരു പരിപാടി തുടങ്ങുന്നതിനെ പൊതുവെ ‘ചെർക്കളം ടൈം’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ഞാൻ എസ് എസ് എൽ സീക്ക് പഠിക്കുമ്പോൾ 1989 ൽ എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ആയാണ് പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വരുന്നത്. അന്ന് മുതലാണ് ചെർക്കളം അബ്ദുള്ള സാഹിബുമായി അടുക്കുന്നത്. വിദ്യാർത്ഥി പ്രസ്ഥാന പ്രവർത്തന സമയത്ത് അദ്ദേഹത്തോട് തുടങ്ങിയ ആ ആത്മ ബന്ധം ചെർക്കളം വിട പറയുന്നത് വരെ തുടർന്നു. നന്നേ ചെറുപ്പത്തിൽ മണ്ഡലം കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സ്ഥാനം അലങ്കരിച്ച എനിക്ക് ചെർക്കളം തന്ന പിന്തുണയും സഹകരണവും വിലമതിക്കാനാവാത്തതാണ്. മഞ്ചേശ്വരം മണ്ഡലത്തിൽ എം എസ് എഫിനെ വളർത്തുവാനും അത് വഴി എനിക്ക് ജില്ലാ നേതൃത്വത്തിലേക്ക് വളരുവാനും ചെർക്കളത്തിൻറെ പിന്തുണയും സഹായവും എനിക്ക് ഏറെ ഉപകരിച്ചിരുന്നു. ആ കാലയളവിൽ ചെർക്കളം എം എസ് എസ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെയും പിന്നീട് സംഥാന എം എസ് എഫ് കമ്മിറ്റിയുടെയും ഉപദേശക സമിതി ചെയർമാനായിരുന്നു. എം എസ് എഫിനെ സംബന്ധിച്ചടുത്തോളം അതൊരു സുവർണ കാലമായിരുന്നു.

1987 മുതലാണ് ചെർക്കളം അബ്ദുല്ല സാഹിബ് മഞ്ചേശ്വരം നിയമ സഭാ അംഗമായി തിരഞ്ഞെടുക്കുന്നത്. തുടർച്ചയായി നാല് പ്രാവശ്യം അതേ മണ്ഡലത്തിൽ നിന്നും ചെർക്കളം നിയമ സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൻറെ അതിർത്തി മണ്ഡലമായ മഞ്ചേശ്വരത്തെ നീണ്ട 19 വർഷം ചെർക്കളം പ്രതിനിധീകരിച്ചു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടപ്പോൾ കേരള കർണ്ണാടക അതിർത്തി പ്രദേശമായ മഞ്ചേശ്വരം മേഖല ഏറെ പിന്നോക്കമായിരുന്നു. മലയാളം, തുളു കന്നഡ കൊങ്ങിണി തുടങ്ങി ഏഴ് ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച് അവിടത്തെ ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ അദ്ദേഹം അവിടന്ന് തുടർച്ചയായി ജയിച്ച് വരികയായിരുന്നു. വിദ്യഭ്യാസം, സാമൂഹിക രംഗത്ത് ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശം. മതിയായ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഈ അതിർത്തി പ്രദേശത്തിന് അവഗണനയുടെ കഥകളെ എല്ലാം കാലത്തും പറയാനുള്ളു. ആ ഒരു ഭൗതിക പശ്ചാത്തലത്തിലാണ് ചെർക്കളം അബ്ദുള്ള സാഹിബ് മഞ്ചേശ്വരത്തിൻറെ പ്രതിനിധിയായി തിരഞ്ഞെടുക്കുന്നത്. 19 വർഷം നിയമ സഭാ അംഗം, അതിൽ രണ്ട് വർഷം കേരളാ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്ന നിലയിൽ പ്രവർത്തിച്ച കാലയളവ് മഞ്ചേശ്വരം മണ്ഡലത്തിന് സമ്മാനിച്ചത് വികസനത്തിൻറെ സുവർണ കാലമായിരുന്നു. റോഡുകൾ, പാലങ്ങൾ, ആശുപത്രി, സ്‌കൂൾ തുടങ്ങി പൊതു ജനങ്ങൾക്ക് ആവശ്യമുള്ള എല്ലാ മേഖലയിലും അദ്ദേഹത്തിൻറെ ഇടപെടലുകളുണ്ടായി. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിന് പുതിയ കെട്ടിടങ്ങളും, നിരവധി കോഴ്‌സുകളും. അത്പോലെ നിരവധി സ്‌കൂളുകൾ, ഒരുപാട് സ്‌കൂളുകളെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒക്കെയായി ഉയർത്തി വിദ്യാഭ്യാസ രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ചെർക്കളത്തിന് സാധിച്ചിരുന്നു.
പിന്നാക്കത്തിലെ പിന്നോക്കത്തിൽ നിന്നും ഇന്ന് കാണുന്ന അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കി മഞ്ചേശ്വരത്തെ സാമൂഹിക, വിദ്യാഭ്യാസ രംഗത്ത് മികച്ചതായി ഉയർത്തി കൊണ്ടുവന്നത് ചെർക്കളത്തിന്റെ പരിശ്രമങ്ങൾ കൊണ്ട് തന്നെയാണ്.

സാധാരണ ജനപ്രധിനിതികളെ പോലെ തൻറെ മണ്ഡലത്തിലെ ജനങ്ങളോട് ഒരു താൽക്കാലിക ബന്ധം സ്ഥാപിക്കുകയായിരുന്നില്ല ചെർക്കളം. തൻറെ മണ്ഡലത്തിൽ ഒരാളെ ഒരിക്കൽ കണ്ടു പരിചയപ്പെട്ടാൽ പിന്നെ ആ മുഖവും, പേരും, അയാളുടെ വീടും മേൽവിലാസവും ചെർക്കളം ഒരിക്കലും മറക്കില്ലായിരുന്നു.
യാതൊരുവിധ വിവേചനവുമില്ലാതെ എല്ലാ ജനങ്ങളെയും ഒരുപോലെ കാണുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ശബ്ദിക്കുകയും ചെയ്ത നിസ്വാർത്ഥനായ നേതാവാണ് ചെർക്കളം. ഒരേ സമയം മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്ത് സജീവമായി തന്നെ പ്രവർത്തിക്കുമ്പോൾ എല്ലാ വിഭാഗം ജനങ്ങളോടും ഒരു പോലെ നീതി കാണിച്ചിരുന്നു. അതിർത്തി കടന്ന് വരുന്ന ഫാസിസത്തെ ചങ്കൂറ്റത്തോടെ നേരിട്ട നേതാവാണ് ചെർക്കളം. മുസ്ലിം ലീഗ് നേതാവായി സമുദായത്തിന് വേണ്ടി പ്രവർത്തിക്കുമ്പോളും, ശബ്ദിക്കുമ്പോളും മത സൗഹാർദ്ദത്തിന് കോട്ടം തട്ടാതെ ജില്ലയിൽ സമാധാനം നിലനിർത്തുവാൻ ചെർക്കളം ഏറെ പരിശ്രമിച്ചിരുന്നു. ഇടയ്ക്ക് സംഘർഷങ്ങൾ ഉടലെടുക്കാറുള്ള കാസറഗോഡ് ചേരുന്ന സർവകക്ഷി യോഗങ്ങളിൽ ചെർക്കളത്തിന്റെ അഭിപ്രായങ്ങൾ എപ്പോഴും അവസാന വാക്കായി മാറുമായിരുന്നു.

കേരളം മുഴുവൻ നെഞ്ചിലേറ്റുകയും ഇന്നും നൂതനങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്ന കുടുംബശ്രീ പദ്ധതി എന്ന ആശയം കൊണ്ട് വന്നതും അത് വിജയകരമായി നടപ്പിലാക്കിയതും ചെർക്കളം അബ്ദുള്ള സാഹിബ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ്. കേരളക്കരയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കുടുംബശ്രീ പദ്ധതി സൃഷ്ട്ടിച്ചത്. പരക്കെ പ്രശംസ പിടിച്ച് പറ്റിയ പദ്ധതിയാണ് ഇന്നും കുടുംബശ്രീ പ്രവർത്തനങ്ങൾ. സംസ്ഥാനത്ത് ഒട്ടാകെ നിരവധി പദ്ധതികളും, വികസന പ്രവർത്തനങ്ങളുമാണ് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ചെർക്കളം മന്ത്രിയായിരുന്ന കാലത്ത് നടത്തിയത്.

മുസ്ലിം ലീഗ് നേതൃ സ്ഥാനത്ത് പ്രവർത്തിക്കുമ്പോൾ തന്നെ അദ്ദേഹം നിരവധി മത സംഘടനകളിലും, സ്ഥാപന സാരഥ്യത്തിലും, മറ്റു സാംകാരിക കമ്മിറ്റികളിലും പ്രവർത്തിച്ചിരുന്നു. കാസറഗോഡ് സംയുക്ത ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ ഭാരവാഹി തുടങ്ങി അനേകം കമ്മിറ്റികളുടെ ഭാരവാഹി സ്ഥാനങ്ങൾ അലങ്കരിച്ചു. മഞ്ചേശ്വരം യതീംഖാന ആരംഭിക്കുകയും ആരംഭ ഘട്ടത്തിൽ സ്ഥാപനത്തിൻറെ നടത്തിപ്പിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നത് ചെർക്കളമായിരുന്നു.

ഉത്തര മലബാറിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക മേഖലകളിൽ ചെർക്കളം അബ്ദുള്ള സാഹിബ് ചെലുത്തിയ സ്വാധീനം സുവർണ ലിപികളാൽ എഴുതപ്പെടേണ്ട കാലഘട്ടമാണ്. ‘ചെർക്കളം കാലഘട്ടം’ എന്ന് തന്നെ ആ കാലഘട്ടത്തെ നമുക്ക് വിശേഷിപ്പിക്കാം. പകരം വെക്കാനില്ലാത്ത സാമൂഹിക പരിഷ്‌കർത്താവ്. വേർപാടിൻറെ രണ്ടാണ്ട് തികയുന്ന ഈ വേളയിൽ നമുക്ക് മനസിലാക്കുവാൻ സാധിക്കുന്നത് രാഷ്ട്രീയ, സാമൂഹിക രംഗത്ത് കാസറഗോഡിന് ചെർക്കളത്തിന്റെ വിടവ് നികത്താനാവാത്ത ഒരു ശൂന്യതയായി ഇന്നും അവശേഷിക്കുന്നു എന്ന് തന്നെയാണ്. അദ്ദേത്തിൻറെ മഗ്‌ഫിറത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here