തൃശൂര്‍ മേയര്‍ക്ക് തുരുതുരാ സല്യൂട്ട് അടിച്ച് പ്രതിപക്ഷാംഗങ്ങളുടെ പരിഹാസം; തിരിച്ചും സല്യൂട്ട് അടിച്ച് മേയര്‍

0
211

പൊലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന് തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ പരാതി തീര്‍ത്ത് കൊടുത്ത് കൗണ്‍സിലര്‍മാര്‍. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് മേയറെ വളഞ്ഞ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സല്യൂട്ട് കൊടുത്തത്. എല്ലാവരും സല്യൂട്ട് നല്‍കി തന്നെ ആദരിച്ചപ്പോള്‍ മേയറും പതറിയില്ല. മേയറും തിരിച്ചുകൊടുത്തു, ഉഗ്രന്‍ സല്യൂട്ട്.

മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയ്ക്കിടെ ഉടക്കിയ പ്രതിപക്ഷം നടുത്തളത്തിലെത്തി മേയറെ വളഞ്ഞപ്പോഴായിരുന്നു രസകരമായ സംഭവങ്ങള്‍.

ഔദ്യോഗിക കാറില്‍ പോകുമ്പോള്‍ പോലീസ് സല്യൂട്ട് നല്‍കുന്നില്ലെന്നും സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നും എം.കെ.വര്‍ഗീസ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാംസ്ഥാനമാണ് കോര്‍പറേഷന്‍ മേയര്‍ക്കുള്ളത്. സല്യൂട്ട് നല്‍കാത്ത വിഷയം പലതവണ പറഞ്ഞിട്ടും പോലീസ് മുഖം തിരിച്ചെന്നും മേയര്‍ പറഞ്ഞിരുന്നു.

അതേസമയം എംകെ വര്‍ഗ്ഗീസിന് മറുപടിയുമായി പൊലീസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് കാണുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ലെന്നാണ് അസോസിയേഷന്റെ നിലപാട്.

കേരള പോലീസ് ഉള്‍പ്പെടെയുള്ള ലോകത്തെ സേനാവിഭാഗങ്ങള്‍ ആദരസൂചകമായി ചെയ്തുവരുന്ന ആചാരമാണ് സല്യൂട്ട്. ജനാധിപത്യ സമൂഹത്തില്‍ ജനപ്രതിനിധികളെ ആദരവോടെ കാണുന്ന വിഭാഗമാണ് കേരളത്തിലെ പോലീസ് സേനാ വിഭാഗം. അതിന്റെ ആദരവ് നിബന്ധനകള്‍ നോക്കാതെ തന്നെ സേനാംഗങ്ങള്‍ നല്‍കി വരുന്നുണ്ടെന്നും പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here