കേരളം വീണ്ടും കൈകോര്‍ക്കട്ടെ, പ്രതീക്ഷയില്‍ ഇമ്രാനും; ചികിത്സയ്ക്ക് വേണ്ടത് 18 കോടി, മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

0
223

കോഴിക്കോട്: മുഹമ്മദിനായി കൈകോര്‍ത്ത കേരളം ഇമ്രാന്‍ എന്ന അഞ്ച് മാസം മാത്രം പ്രായമായ മകന് വേണ്ടിയും ഒത്തൊരുമിക്കുമെന്ന പ്രതീക്ഷയിലാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആരിഫും കുടുംബവും. 18 കോടി രൂപ ചെലവ് ആവശ്യമായ മരുന്ന് മകന് എത്തിക്കാനുള്ള ശ്രമത്തിലാണ് ഈ കുടുംബം.  അതേസമയം സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന കുട്ടിയുടെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കുട്ടിയുടെ പിതാവിന്റെ ഹര്‍ജി നാളെ വീണ്ടും കോടതി പരിഗണിക്കും.

അപൂര്‍വ രോഗം ബാധിച്ച് ജനിച്ചത്  മുതല്‍ കഴിഞ്ഞ അഞ്ച് മാസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഇമ്രാന്‍. മരുന്നെത്തിച്ചാല്‍ കുട്ടിയെ രക്ഷപ്പെടുത്തിയെടുക്കാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും കോടികണക്കിന് രൂപ ഉണ്ടാക്കിയെടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇമ്രാന്റെ കുടുംബത്തിനില്ല.  18 കോടി രൂപ എങ്ങനെ സമാഹാരിക്കുമെന്ന് അറിയില്ല. സഹായത്തിനായി പറ്റാവുന്ന വഴികളെല്ലാം മുട്ടിയെങ്കിലും നിരാശമാത്രമായിരുന്നു ഫലം. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്വദേശിയായ മുഹമ്മദിനായി കൈകോര്‍ത്ത പോലെ കേരളം തന്റെ കുട്ടിക്ക് വേണ്ടിയും ഒരുമിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കുടുംബം. അതിനിടെയാണ് സഹായം അഭ്യര്‍ഥിച്ച് കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജിയുടെ വാദത്തിനിടെ, എസ്എംഎ ബാധിതരായി വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടികള്‍ക്ക് മരുന്ന് നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.  16 മണിക്കൂറെങ്കിലും വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മാത്രമേ മരുന്ന് നല്‍കാന്‍ സാധിക്കൂവെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് കുട്ടിക്ക് മരുന്ന് നല്‍കാന്‍ കഴിയുമോ എന്ന് വിലയിരുത്താന്‍ അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചത്. ബോര്‍ഡിലേക്ക് വിദഗ്ധരുടെ പേരുകള്‍ നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മരുന്ന് നല്‍കാതെ മറ്റ് മാര്‍ഗമില്ലെന്ന് കുട്ടിയുടെ പിതാവ് കോടതിയെ ധരിപ്പിച്ചു.

ഉമ്മയും ഉമ്മൂമ്മയുമാണ് വെന്റിലേറ്ററില്‍ ഇമ്രാന് കൂട്ട്. ആശുപത്രിക്കിടക്കയില്‍ കരഞ്ഞ് തളര്‍ന്ന കുഞ്ഞിന് വേണ്ടിയും കേരളത്തിന് ഒന്നിക്കാം.

അക്കൗണ്ട് വിവരങ്ങള്‍

അക്കൗണ്ട് നമ്പര്‍- 16320100118821
IFSC- FDRL0001632
ഗൂഗിള്‍ പെ- 8075393563

LEAVE A REPLY

Please enter your comment!
Please enter your name here